കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗവർണർക്ക് പരാതി നൽകാനൊരുങ്ങി സിപിഐഎം. കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നൽകുന്നത്. ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരായ നടപടിയെ പ്രതിരോധിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.
നവംബർ 20ന് കണ്ണൂരിൽ നടന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു വി.ഡി. സതീശന്റെ പരാമർശം.
സർക്കാരിന്റെ രൂപീകരണത്തിനായി കഠിനാധ്വാനം ചെയ്യുകയും മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ‘നിങ്ങളുടെ ചോരയിൽ നിന്ന് കൂടി പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതുപോലെയല്ല’ എന്നായിരുന്നു വി.ഡി. സതീശന്റെ വാക്കുകൾ.
അതേസമയം, പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ നേരത്തെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് പരാതി നൽകിയത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗത്തിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പ്രസംഗവും രാഷ്ട്രീയ വിവാദമായിരിക്കെയാണ് സിപിഐഎം ഗവർണർക്ക് പരാതി നൽകാനൊരുങ്ങുന്നത്.
