കൊച്ചി : സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം. കേസിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും. ഡിസംബര്‍ 15 വരെ സ്റ്റേ ഉത്തരവ് നീട്ടി.
പിണറായി വിജയൻ, മകൾ വീണ ടി, എംഎൽഎ മുഹമ്മദ് റിയാസ് എന്നിവർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ എഫ്ഐആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
പിണറായിയുടെ അപ്പീലില്‍ വിജിലന്‍സിനും ഇഡിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം.
അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ നിയമ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വാദത്തിനിടെ, മാസപ്പടിക്കേസില്‍ ഇഡിയുടെ അന്വേഷണാധികാരത്തെ പിണറായി വിജയന്‍ ചോദ്യം ചെയ്തിരുന്നു.
കേസിലെ ഇഡിഇടപെടൽ കമ്പനീസ് ആക്ടിലെ വ്യവസ്ഥകളെ അപ്രസക്തമാക്കുമെന്നും ആദ്യം കേസ് അന്വേഷിച്ച എസ്എഫ്‌ഐഒ ഒരു വിവരവും സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്നും പിണറായിയുടെ അഭിഭാഷകൻ സിദ്ധാര്‍ത്ഥ് ലുത്ര വാദിച്ചു. ഹർജിക്കാരനായ കെ.എം ഷാജഹാന് പിണറായിയോട് രാഷ്രീയ വൈരാഗ്യമുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
