ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര പാര്‍ട്ടി അംഗത്വം രാജിവച്ചു. സംസ്ഥാന പാര്‍ട്ടി ഘടകത്തില്‍ നിന്ന് അനാദരവ് നേരിട്ടുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നാഷണല്‍ മീഡിയ കോഓഡിനേറ്റര്‍ കൂടിയായ രാധിക ഖേര രാജിവെച്ചത്.
‘അതെ, ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, പോരാടാന്‍ കഴിയും. അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. എനിക്കും എന്റെ നാട്ടുകാര്‍ക്കും നീതിക്കായി ഞാന്‍ പോരാടുന്നത് തുടരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ രാധിക ഖേര പറഞ്ഞു. രാജിക്കത്തിന്റെ പകര്‍പ്പ് രാധിക എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. രാമ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തടഞ്ഞു. അതും രാജിക്ക് കാരണമായെന്ന് കത്തില്‍ പറയുന്നുണ്ട്.
മാതാ കൗശല്യ മന്ദിറിന്റെ ഈ നാട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും പുരുഷന്‍മാര്‍ സ്ത്രീകളെ അവരുടെ കാല്‍ക്കീഴില്‍ നിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.
ഐഐടി അഹമ്മദാബാദില്‍ നിന്നുള്ള രാധിക ഖേര നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവാണ്. കോണ്‍ഗ്രസിന്റെ ഛത്തീസ്ഗഡിലെ മാധ്യമ ഏകോപനവും കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനക്പുരിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.