അബുദാബി: യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇടമിന്നലോടു കൂടിയ ശക്തമായ മഴ തുടങ്ങി. അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധ്യമാവുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ വിദൂര ജോലി അനുവദിക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ശക്തമായ മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
രാവിലെ മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ദുബായില്‍ ശക്തമായ മഴ തുടരുന്നു. മോശം കാലാവസ്ഥ കാരണം ദുബായ് വിമാനത്താവളത്തില്‍ ഏതാനും വിമാനങ്ങള്‍ റദ്ദാക്കി. വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി ഫ്‌ളൈ ദുബായ് സ്ഥിരീകരിച്ചു. നിരവധി വിമാനങ്ങള്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
ദുബായ് പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടല്‍ ഗതാഗത പൂര്‍ണമായി റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് സര്‍വീസുകളുടെ സമയത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇടയ്ക്കിടെ ശ്രദ്ധിക്കണമെന്ന് ഇത്തിഹാദ് എയര്‍വേസ് അഭ്യര്‍ഥിച്ചു.
അബുദാബിയില്‍ ശക്തമായ കാറ്റും മിന്നലും റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനു മുമ്പ് 2016ലാണ് ഇത്രയും ശക്തമായ കാറ്റ് അനുഭവപ്പെടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. അല്‍ ബത്തീന്‍ എയര്‍പോര്‍ട്ടില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 126 കിലോ മീറ്റര്‍ രേഖപ്പെടുത്തി.
അബുദാബിയില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെയും ദുബായില്‍ 19 ഡിഗ്രി സെല്‍ഷ്യസും വരെയും കുറഞ്ഞേക്കും. പര്‍വതപ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസും വരെ താഴ്‌ന്നേക്കാം. ഇന്നലെ രാത്രി മുഴുവന്‍ രാജ്യത്ത് ഇടിയും മിന്നലുമായി കനത്ത മഴ പെയ്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.