തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയ രണ്ട് കരാറുകൾ കൂടി വിവാദത്തിൽ. ഒക്ടോബറിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സർക്കാർ ഇടപെട്ട് ടെൻഡർ നടപടികളില്ലാതെ സ്വകാര്യ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങിയ കരാറുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കരാറുകൾക്ക് അംഗീകാരം തേടി കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷകൾ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഫയലിൽ സ്വീകരിച്ചില്ല.
പൊതുവെ യൂണിറ്റിന് നാല് രൂപയിൽ താഴെ ലഭിക്കുന്ന കാറ്റാടിവൈദ്യുതിക്ക് 11 രൂപയും ഹിമാചലിൽനിന്നുള്ള വൈദ്യുതിക്ക് 14.5 രൂപയും നൽകിയതാണ് പ്രധാനമായും വിവാദമായിരിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെയും അംഗീകൃത നടപടിക്രമങ്ങളിലൂടെ വില നിശ്ചയിക്കാതെയും നടത്തിയ ഉഭയകക്ഷി കരാറുകളാണിവ.
ഒക്ടോബറിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി വി.ഇ.എച്ച്. ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയിൽനിന്നും ഹിമാചൽ പവർ കോർപ്പറേഷനിൽ നിന്നുമാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയത്. ഉത്പാദകരായും വിൽപ്പനക്കാരായും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വി.ഇ.എച്ച്. ഗ്ലോബൽ. പവർ എക്സ്ചേഞ്ചിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വിൽക്കാൻ ഈ കമ്പനിക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ല. ഇതോടെയാണ് കമ്പനിയിൽനിന്ന് നേരിട്ടുള്ള കരാർ പ്രകാരം വൈദ്യുതി വാങ്ങാൻ സർക്കാർ പ്രത്യേക അനുമതി നൽകിയത്.
അന്നത്തെ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യത്തിന്റെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയതെന്നാണ് രേഖകളിലുള്ളത്. സാധാരണഗതിയിൽ ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് സർക്കാർ നേരിട്ട് ഉത്തരവിറക്കി അനുമതി നൽകാറില്ലെന്നതും ശ്രദ്ധേയമാണ്.
രാത്രികാല ആവശ്യങ്ങൾ നിറവേറ്റാനാണ് 11 രൂപ നിരക്കിൽ കാറ്റാടിവൈദ്യുതി വാങ്ങിയത്. എന്നാൽ, വി.ഇ.എച്ച്. ഗ്ലോബലിൽനിന്ന് നേരിട്ടാണോ അതോ മറ്റേതെങ്കിലും കമ്പനിയുടെ വൈദ്യുതി ഈ സ്ഥാപനം മുഖേനയാണോ വാങ്ങിയതെന്ന് കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ല. എത്ര യൂണിറ്റ് വൈദ്യുതി ലഭിച്ചുവെന്ന വിവരവും നൽകിയിരുന്നില്ല. ഇതുൾപ്പെടെയുള്ള അപാകതകൾ ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മിഷൻ അപേക്ഷ സ്വീകരിക്കാതിരുന്നത്.
അടിയന്തര സാഹചര്യത്തിൽ വൈദ്യുതി വാങ്ങിയാൽ 15 ദിവസത്തിനകം റെഗുലേറ്ററി കമ്മിഷനെ സമീപിച്ച് അനുമതി തേടണമെന്നാണ് വ്യവസ്ഥ. എന്നാൽ, ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിച്ചത് ഒരു മാസം പിന്നിട്ട ശേഷമാണ്. ഹിമാചലിൽനിന്ന് ലഭിച്ച വൈദ്യുതിയിൽ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നുള്ള വിഹിതവും ഉൾപ്പെട്ടിരുന്നു. ഇത്തരം നിലയങ്ങളിൽനിന്നുള്ള വൈദ്യുതിക്ക് താരതമ്യേന കുറഞ്ഞ നിരക്കാണുള്ളത്. എന്നിട്ടും യൂണിറ്റിന് 14.5 രൂപ ഈടാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
