കോത്തല എൻഎസ്എസ് ഹൈസ്കൂളിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്ന പദ്ധതികൾ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

പാമ്പാടി : കോത്തല: എൻ.എസ്.എസ്. ഹൈസ്കൂൾ കോത്തലയിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.

വിദ്യാർത്ഥികളുടെ സർഗാത്മകവും കലാപരവും സാംസ്കാരികവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ പ്രതിഭകൾക്ക് വിശാലമായ വേദിയൊരുക്കുന്നതിനും ഓഡിറ്റോറിയം വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സാമൂഹിക പ്രതിബദ്ധതയോടെ കൈകോർക്കുന്ന ഈ മാതൃകാപരമായ സംരംഭത്തെ സുരേഷ് ഗോപി അഭിനന്ദിക്കുകയും ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ഉപഹാരവും നൽകി അനുമോദിക്കുകയും ചെയ്തു.

വിദ്യാലയത്തിലെ പഠനാന്തരീക്ഷം കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ക്ലാസ്റൂം ഡിജിറ്റൽ ഇന്ററാക്ടീവ് പാനലിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി പി.എസ്. നിർവഹിച്ചു.

ഇലക്ട്രോണിക്സ് ഹബ്ബിന്റെ ഉദ്ഘാടനം കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ഇ.എസ്., സമ്പൂർണ സൗരോർജ വിദ്യാലയ പദ്ധതിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബിനു എന്നിവർ നിർവഹിച്ചു. സ്കൂൾ മാനേജർ പി.ആർ. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ജയശ്രീ ജി. സ്വാഗതം പറഞ്ഞു. കൂരോപ്പട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ശില്പ പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം ജ്യോതിമോൾ പുന്നോലിൽ, പാമ്പാടി എ.ഇ.ഒ. ബിജുമോൻ കെ.എസ്., ഇൻഫോസിസ് സീനിയർ പ്രോജക്ട് കോഡിനേറ്റർ ശില്പ , പി.ടി.എ. പ്രസിഡന്റ് ഹരികൃഷ്ണൻ എം.ആർ., സീനിയർ അസിസ്റ്റന്റ് എൻ. മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, മുംബൈ, ഇൻഫോസിസ് സീനിയർ അസോസിയേറ്റ് കൺസൾട്ടന്റും സഞ്ജീവനി അക്കാദമിക് സെക്ടർ അംഗവുമായ ശില്പ ജിജി എന്നിവരെ ആദരിച്ചു. പ്ലാനറ്റ് ആർക്കിടെക്ചറിലെ അനൂപ് സി.എ. യ്ക്ക് ഉപഹാരം നല്കി ആദരിച്ചു.. പ്രോഗ്രാം കൺവീനർ അരുൺ എസ്. നായർ കൃതജ്ഞത രേഖപ്പെടുത്തി.

വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഈ വികസന പദ്ധതികൾ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഡിജിറ്റൽ പഠനസൗകര്യങ്ങൾ, ഇലക്ട്രോണിക്സ് ഹബ്, സൗരോർജ സംവിധാനം എന്നിവ വിദ്യാലയത്തിന്റെ വികസന ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളാകും. ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ വാദ്യകലാകാരന്മാർ അണിനിരന്ന ഫ്യൂഷൻ സംഗീത പരിപാടിയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!