വീട് ജപ്തി ചെയ്യാനുള്ള നടപടികൾക്കായി ബാങ്ക് ഉദ്യോഗസ്ഥരെത്തി… കോഴിക്കോട് വീട്ടമ്മ…

കോഴിക്കോട് : വീട് ജപ്തി ചെയ്യാനുള്ള നടപടികൾക്കായി ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ കോഴിക്കോട് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അഞ്ച് വർഷം മുൻപ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് വീടിന്റെ നിർമാണത്തിനായി കുടുംബം 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ആദ്യഘട്ടത്തിൽ തിരിച്ചടവ് നടത്തിയിരുന്നെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുക അടയ്ക്കാൻ കഴിഞ്ഞില്ല.

പലിശയും മറ്റ് കുടിശ്ശികകളും ഉൾപ്പെടെ വായ്പത്തുക 50 ലക്ഷം രൂപയായി ഉയർന്നതായാണ് വിവരം.

തുടർന്ന് ബാങ്കുമായി നടത്തിയ ചർച്ചയിൽ 15 ലക്ഷം രൂപ കുറച്ച് തിരിച്ചടയ്ക്കേണ്ട തുക 35 ലക്ഷമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഈ തുകയും തിരിച്ചടയ്ക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെയാണ് ബാങ്ക് കോടതി നടപടികളിലേക്ക് നീങ്ങിയത്. രണ്ട് ദിവസം മുൻപ് കോടതി അനുമതിയോടെ വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് ബാങ്ക് അധികൃതർ വീട്ടുടമയ്ക്ക് നൽകിയിരുന്നു.

വെള്ളിയാഴ്ച രാവിലെ പൊലീസ്, ബാങ്ക് ഉദ്യോഗസ്ഥർ, കോടതി ജീവനക്കാർ എന്നിവർ ജപ്തി നടപടികൾക്കായി എത്തുമെന്ന വിവരവും കുടുംബത്തെ അറിയിച്ചിരുന്നു. പറഞ്ഞതനുസരിച്ച് ഉച്ചയോടെ ബാങ്ക് അധികൃതരും അഡ്വക്കറ്റ് കമ്മിഷനും പൊലീസും സ്ഥലത്തെത്തി. എന്നാൽ വീട് പൂട്ടിയ നിലയിലായിരുന്നു. സമീപവാസികളോട് അന്വേഷിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുതിയ വീടിനോട് ചേർന്നുള്ള പഴയ തറവാട് വീട്ടിൽ കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിലെ പെയിന്റ് കടയിൽ ജീവനക്കാരനാണ് ഭർത്താവ് ബാബു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. ഇരുവരും വിദ്യാർഥിനികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!