ഇൻസ്റ്റഗ്രാം ചാറ്റിനെച്ചൊല്ലിയുള്ള വൈരാഗ്യം; 18കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

മാറനല്ലൂർ : കോളേജ് വിദ്യാർത്ഥിനിയായ 18കാരിയെ ബൈക്കിൽ ബലമായി കയറ്റിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി മാറനല്ലൂർ പോലീസ്.

പേയാട് കണ്ണശ്ശ മിഷൻ സ്കൂളിന് സമീപം താമസിക്കുന്ന ആനന്ദകുമാർ എന്ന ആനന്ദ് (20) ആണ് പിടിയിലായത്. മറ്റ് യുവാക്കളുമായി ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്യുന്നു എന്ന വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.

കോളേജ് യൂണിഫോമിലായിരുന്ന പെൺകുട്ടിയെ പ്രതി നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും പേയാട് കണ്ണശ്ശ മിഷൻ സ്കൂളിന് സമീപമുള്ള വീട്ടിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വൈകുന്നേരത്തോടെ പെൺകുട്ടിയെ വീടിന് സമീപത്തെ ചാനൽക്കര പാലത്തിന് അരികിൽ ഇറക്കിവിട്ടു.

തുടർന്ന് വീട്ടുകാർ മാറനല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണി ഐ.പി.എസിന്റെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈ.എസ്.പി. ജി. ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷണം ഊർജിതമാക്കി.

തുടർന്ന് നവംബർ മൂന്നിന് പുലർച്ചെ പേയാട് ജംഗ്ഷന് സമീപമുള്ള വീട്ടിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മലയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ ഉമേഷ്, മാറനല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രഞ്ജിത്ത് ആർ.എസ്., ജി.എ.എസ്.ഐ. വിൽസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, രജീഷ് കുമാർ, അജിൻ, ജിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!