കൊച്ചി: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജോലി ആവശ്യാർഥം യുഎഇയിലേക്ക് പോകാൻ അനുമതി തേടിയുള്ള ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം.
ജയിലിൽ പോകുമ്പോൾ അസുഖം വരുമെന്നും പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോകണമെന്നും പറയുന്നതിലെ വൈരുധ്യം കോടതി ചൂണ്ടിക്കാട്ടി. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് എ. ബദറുദ്ദീൻ, ശിക്ഷിക്കപ്പെട്ടതിന് ശേഷം തച്ചങ്കരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു വെങ്കിൽ എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യുകയെന്നും ചോദിച്ചു.
ആശുപത്രിയിൽ കിടന്നതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചു. എത്ര ദിവസം ആശുപത്രിയിൽ കഴിഞ്ഞുവെന്നും എത്ര ദിവസം ആശുപത്രിയിൽ കഴിഞ്ഞില്ലെന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്നതിനാൽ യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, പിന്നീട് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് വിദേശയാത്രയ്ക്കായി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്
