മുണ്ടക്കയത്തെ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്

കോട്ടയം: മുണ്ടക്കയത്തെ വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. ബൊലേനോ കാർ ഓടിച്ച കൂട്ടിക്കൽ സ്വദേശി ഷാലോം ജീവനൊടുക്കാൻ ശ്രമം നടത്തിയതാണെന്ന് പൊലീസ് പറയുന്നു.

ഷാലോം ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പിന്നാലെ വന്ന അഞ്ച് വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്തു. ഷാലോമിനെതിരെ പൊലീസ് കേസ് എടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി.

ഷാലോം ഓടിച്ച കാർ അമിത വേഗത്തിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ പരിക്കേറ്റ ഷാലോം ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ഇന്നലെ രാവിലെയാണ് മുണ്ടക്കയം ചോറ്റിയിൽ അപകടം ഉണ്ടായത്. ബൊലേനോ ഓട്ടോയിലാണ് ആദ്യം ഇടിച്ചത്. പിന്നാലെ വന്ന നാല് കാറുകളും ഒരു സ്കൂട്ടറും കൂട്ടിയിടിക്കാൻ ഇത് കാരണമായി. കാൽനടയാത്രക്കാരൻ അടക്കം ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

മനപൂർവ്വമുണ്ടാക്കിയ അപകടമാണെന്ന് ഷാലോം മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വാഹനാപകടമുണ്ടാക്കി ജീവനൊടുക്കാനാണ് ഇയാൾ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!