വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചേക്കുമെന്ന വിലയിരുത്തലിൽ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം.
കോൺഗ്രസിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാലും ഭരണനയങ്ങൾ നടപ്പാക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കാൻ എക്സിക്യൂട്ടീവ് അധികാരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് വൈറ്റ് ഹൗസിന്റെ നീക്കം. സർക്കാരിനെതിരെ ഡെമോക്രാറ്റുകൾ അന്വേഷണം പ്രഖ്യാപിച്ചാൽ അതിനെ നേരിടാനുള്ള തന്ത്രങ്ങളും ഭരണകൂടം ആവിഷ്കരിക്കുന്നുണ്ട്.
കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് നേരിട്ട് നടപ്പാക്കാൻ കഴിയുന്ന നടപടികൾ കണ്ടെത്തുന്നതിനുള്ള ചർച്ചകൾ വൈറ്റ് ഹൗസിൽ ഏപ്രിൽ മുതൽ ആരംഭിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട്.
ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, ബജറ്റ് ഡയറക്ടർ റസൽ വോട്ട് എന്നിവർ വൈറ്റ് ഹൗസ് കൗൺസൽ ഓഫീസുമായി സഹകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നത്.കുടിയേറ്റ നയം, ഇറക്കുമതി തീരുവ, ഫെഡറൽ സർക്കാർ ചെലവുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രസിഡന്റിന് നിലവിലുള്ള നിയമപരമായ അധികാരങ്ങൾ എത്രത്തോളം ഉപയോഗപ്പെടുത്താം, അവയുടെ പരിധി എങ്ങനെ വിപുലീകരിക്കാം, ഇത്തരം നടപടികൾക്കെതിരെ കോടതികളിൽ വെല്ലുവിളികളുണ്ടായാൽ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളും നിയമവിദഗ്ധർ പരിശോധിക്കുന്നുണ്ട്.
കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റുകൾ വീതം അധികമായി നേടേണ്ടതുണ്ട്. നിലവിലെ അഭിപ്രായ സർവേകൾ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ സൂചനകളാണ് നൽകുന്നത്. എന്നാൽ സെനറ്റിലെ ഭൂരിപക്ഷ പോരാട്ടം ഇപ്പോഴും കടുത്ത മത്സരമായി തുടരുകയാണ്.
ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടമുണ്ടായാൽ ട്രംപ് ഭരണകൂടത്തിന്റെ നിയമനിർമാണ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനും സർക്കാർ ചെലവുകൾ വിശദമായി പരിശോധിക്കാനും ഭരണകൂടത്തിനെതിരെ വിവിധ അന്വേഷണങ്ങൾ ആരംഭിക്കാനും അവർക്ക് കഴിയും. എന്നാൽ വിദേശനയം, വ്യാപാരനയം, ഫെഡറൽ ഏജൻസികളുടെ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രസിഡന്റിന് ലഭ്യമായ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപയോഗിച്ച് ട്രംപിന് നിർണായക സ്വാധീനം തുടരാനാകും.
കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്ക് നിലനിർത്താൻ ട്രംപ് പ്രചാരണരംഗത്ത് സജീവമാണെങ്കിലും തിരിച്ചടി നേരിടാനുള്ള സാധ്യത ഭരണകൂടം തള്ളിക്കളയുന്നില്ല. 2027ൽ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈകളിലെത്തിയേക്കാമെന്ന കണക്കുകൂട്ടലിലാണ് വൈറ്റ് ഹൗസ് മുൻകൂട്ടി തന്ത്രങ്ങൾ ഒരുക്കുന്നത്.
