വര്‍ഷങ്ങളോളം മറഞ്ഞു കിടന്നു, 70 വര്‍ഷം മുമ്പ് കണ്ടെത്തി; കല്‍പ് കേദാറിനെ വീണ്ടും മണ്ണില്‍മൂടി മിന്നല്‍ പ്രളയം…

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ ഗംഗാ നദിയിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കടിയില്‍ പുരാതനമായ കല്‍പ് കേദാര്‍ ക്ഷേത്രം മൂടിപ്പോയി. മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ക്ഷേത്രം വര്‍ഷങ്ങളോളം മണ്ണുകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു. ക്ഷേത്രത്തിന്റെ അഗ്രഭാഗം മാത്രമാണ് പുറത്ത് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ.

കാതുരെ ശൈലിയില്‍ നിര്‍മ്മിച്ച ഈ ശിവക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേദാര്‍നാഥ് ക്ഷേത്രത്തിന്റേതിന് സമാനമാണ്. 1945-ല്‍ നടത്തിയ ഒരു ഖനനത്തിലൂടെയാണ് ക്ഷേത്രം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിരവധി അടി കുഴിച്ചപ്പോഴാണ്, കേദാര്‍നാഥ് ക്ഷേത്രത്തിന് സമാനമായ പുരാതന ശിവക്ഷേത്രം കണ്ടെത്തുന്നത്.

ക്ഷേത്രം ഭൂനിരപ്പിന് താഴെയായിരുന്നതിനാല്‍, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജകളും നടത്താന്‍ ഭക്തര്‍ക്ക് താഴേക്ക് ഇറങ്ങി പോകണമായിരുന്നു. ക്ഷേത്ര ശ്രീകോവിലിലുള്ള ‘ശിവലിംഗ’ത്തില്‍ ഖീര്‍ ഗംഗ നദിയില്‍ നിന്നുള്ള വെള്ളം പതിക്കുമെന്നും, അതിനായി പ്രത്യേക പാതയുണ്ടെന്നുമാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നത്.

ക്ഷേത്രത്തിന് പുറത്ത് കല്ലില്‍ കൊത്തുപണികള്‍ കൊണ്ട് അലംകൃതമാണ്. കേദാര്‍നാഥ് ക്ഷേത്രത്തിലെന്ന പോലെ, കല്‍പ് കേദാര്‍ ശ്രീകോവിലിലെ ‘ശിവലിംഗം’ നന്ദിയുടെ പിന്‍ഭാഗത്തിന്റെ ആകൃതിയിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!