’19 ലക്ഷം വാങ്ങി, തിരികെ ചോദിച്ചപ്പോള്‍ ഗുണ്ടയെ ഉപയോഗിച്ച്‌ ഭീഷണി’; സഹോദരിമാരായ പൊലീസുകാര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ സീനിയർ സിവില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

വിഴിഞ്ഞം കോസ്‌റ്റല്‍ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതി നല്‍കിയത്. സൗഹൃദം നടിച്ച്‌ കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി. വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭർത്താവില്‍ നിന്ന് 19 ലക്ഷം സംഗീത കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. രേഖകളും ചെക്കുകളും നല്‍കിയത് സംഗീതയും സഹോദരീ ഭർത്താവ് ജിപ്സണ്‍ രാജ്മായിരുന്നു.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ കൊടുത്തെങ്കിലും പണം ലഭിക്കാതെ മടങ്ങി. അതിനിടെയാണ് ഗുണ്ടുകാട് സാബു എന്നയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്‍റുകളടക്കം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.

പണം തട്ടിയെടുത്തതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്‌പിക്കും ഉള്‍പ്പെടെ പരാതി നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഒടുവില്‍ കേസെടുക്കാൻ പോലീസ് തയ്യാറായത്. ആദ്യം മലയിൻകീഴ് ‌സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പോത്തൻകോട് സ്‌റ്റേഷന് കൈമാറുകയായിരുന്നു. തുടർന്നാണ് പോത്തൻകോട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഗുണ്ടുകാട് സാബു, പേയാട് സ്വദേശിയായ വിഴിഞ്ഞം കോസ്‌റ്റല്‍ സ്‌റ്റേഷനിലെ സംഗീത, സഹോദരി തൃശൂർ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സണ്‍ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!