ക്രൈംബ്രാഞ്ച് അന്വേഷണം : പിഎസ്‌സിയുടെ ഹർജി നവം. രണ്ടിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി

കൊച്ചി : ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ പിഎസ്‌സിയുടെ ഹർജി നവംബർ രണ്ടിന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി . ഹർജി പരിഗണിക്കവെ സർക്കാറിനും പിഎസ്‌സിക്കുമെതിരെ ജസ്റ്റിസ് എ. ബദറുദീൻ വിമർശനം ആവർത്തിച്ചു.

എത്ര സൂത്രം കാണിച്ചാലും സത്യം പുറത്തു വരുമെന്ന് കോടതി വ്യക്തമാക്കി. കേസിൽ പി എസ് സി രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുവെന്നും അന്വേഷണം ഊർജിതമായി മുന്നോട്ട് പോവുകയാണെന്നും സർക്കാരിന് വേണ്ടി ഹാജരായ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫ് അലി കോടതിയെ അറിയിച്ചു.

പിഎസ്‌സി നടപടി ആരംഭിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ആയിരുന്നു ജസ്റ്റിസ് എ. ബദറുദീൻ്റെ വിമർശനം.

സിബിഐ ഡയറിക്കുറിപ്പ് സിനിമയിലെ മമ്മൂട്ടിയും തിലകനും തമ്മിലുള്ള സംഭാഷണം പരാമർശിച്ചായിരുന്നു വിമർശനം. കൂടാതെ മങ്ങാട്ടച്ഛനും കുഞ്ഞാലി മുസ്ലിയാരും തമ്മിലുള്ള കഥയും കോടതി പരാമർശിച്ചു. പിഎസ്‌സിക്കെതിരെ ആദ്യം കോടതിയെ സമീപിച്ച ഉദ്യോഗാർഥി ജയലാലിന് ഒബ്ജെക്ഷൻ ഫയൽ ചെയ്യാനുള്ള സമയം നൽകിയാണ് ഹർജി നവംബർ രണ്ടിന് പരിഗണിക്കാനായി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!