തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇതോടൊപ്പം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിശക്ത ചുഴലിക്കാറ്റ് ‘ഓർണബ്’ സ്ഥിതി ചെയ്യുന്നതായി കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് (ഒക്ടോബർ 27) വൈകുന്നേരം വരെ ചുഴലിക്കാറ്റ് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി തുടർന്ന് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ, മണിക്കൂറിൽ 115–125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 27 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
