കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യൻ (പാപ്പൻ 52) കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി നാളെ.
സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരനെയും മാതൃസഹോദരനെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വെച്ച് ജോർജ് കുര്യൻ വെടിവെച്ച് കൊന്നു എന്നതായിരുന്നു കേസ്. 2022 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
കേസിൽ സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ, അഡ്വ.നിബു ജോൺ, അഡ്വ. അഖിൽ വിജയ്, അഡ്വ.സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി. ഐപിസി 302, 449, 506 -(2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഒന്നരവർഷം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, അതിക്രമിച്ചു കടക്കൽ,ആയുധം ദുരുപയോഗം ചെയ്യൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
വിചാരണ വേളയിൽ അമ്മയും ബന്ധുക്കളും അടക്കമുള്ള സാക്ഷികൾ കൂറുമാറിയിരുന്നു. എന്നാൽ പ്രധാന സാക്ഷികൾ മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് കുറ്റം തെളിഞ്ഞത്
.2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂർത്തിയായത്.കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസ് പരിഗണിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.