മലപ്പുറം: ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ ലഹരിമരുന്നായ എം.ഡി.എം.എയും ഒപ്പം തിരിച്ചറിയല്‍ രേഖകളും. അമളി കുരുക്കാക്കി പൊലീസും.
കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ മറന്നുവെച്ച ബാഗില്‍ എം.ഡി.എം.എയും തിരിച്ചറിയല്‍ രേഖകളും കണ്ടതോടെ ഓട്ടോ ജീവനക്കാരൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ അമളി കുരുക്കാക്കി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മഞ്ചേരി പട്ടർകുളം അത്തിമണ്ണില്‍ മുഹമ്മദ് അനീസ് (28), പന്തല്ലൂർ മുട്ടങ്ങോടൻ മുഹമ്മദ് ശിബില്‍ (26) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് ടൗണില്‍ വെച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെ പെരിന്തല്‍മണ്ണ ടൗണിലെ ഓട്ടോഡ്രൈവറാണ് തന്റെ ഓട്ടോയില്‍ കയറിയ ഒരാളുടെ ബാഗ് മറന്നുവെച്ചതായി പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും തിരിച്ചറിയല്‍ രേഖകളും ലഹരിമരുന്നിന്റെ പാക്കറ്റുകളും കണ്ടെടുത്തത്.
ബാഗില്‍നിന്ന് 17 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഓട്ടോഡ്രൈവറില്‍നിന്നും ലഭിച്ച അടയാള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്ത മുഹമ്മദ് അനീസിനെ ടൗണില്‍വെച്ച് രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ പൊലീസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ലോഡ്ജ് പരിസരത്തുനിന്നും മുഹമ്മദ് ഷിബിലിനെ എം.ഡി.എം.എയു മായി അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഇരുവരും എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി ടൗണുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതായും പൊലീസ് കണ്ടെത്തി.
ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ ഷിജോ സി. തങ്കച്ചൻ, അഡീഷനല്‍ എസ്.ഐ സെബാസ്റ്റ്യൻ രാജേഷ്, കൃഷ്ണപ്രസാദ്, സജീർ, മുരളീകൃഷ്ണദാസ്, എന്നിവരും ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.
മറന്നുവച്ച ബാഗില്‍ എംഡിഎംഎയും തിരിച്ചറിയല്‍ രേഖകളും; പെരിന്തല്‍മണ്ണയില്‍ ലഹരി വില്‍പനക്കാരെ കുരുക്കി പൊലീസ്
