വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം; ഹൈക്കോടതി നിർദേശം…

കൊച്ചി: അപകടത്തിൽപ്പെടുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഇ-ഡീറ്റൈൽഡ് ആക്സിഡന്‍റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, അപകടത്തിൽ പരിക്കുകളുടെ തീവ്രത വർധിപ്പിക്കാൻ ഇടയാക്കുന്ന ബോഡി വർക്കിലെ മാറ്റങ്ങൾ എന്നിവയും രേഖപ്പെടുത്തണം. ഇത്തരം നിയമലംഘനങ്ങൾ കൃത്യമായി പോർട്ടലിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന ഗതാഗത കമ്മിഷണർക്ക് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.

എൻജിൻ ശേഷി വർധിപ്പിക്കൽ, ബ്രേക്കിങ് സംവിധാനത്തിലെ മാറ്റങ്ങൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഓൺലൈനിൽ കാണാനാകുമെങ്കിലും അവയുടെ പ്രിന്‍റൗട്ട് ലഭിക്കുന്നില്ലെന്ന സാങ്കേതിക പ്രശ്നം ഗതാഗത കമ്മിഷണർ കോടതിയെ അറിയിച്ചു.ഇക്കാര്യം നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിന്‍റെ (എൻഐസി) ശ്രദ്ധയിൽപ്പെടുത്തിയിട്ടു ണ്ടെന്നും വ്യക്തമാക്കി.

ഇതേത്തുടർന്ന് എൻഐസിയെ കോടതി സ്വമേധയാ കേസിൽ കക്ഷിചേർത്തു. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!