ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്ത് യുഎസ്; ഹോർമുസിൽ മൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാനുമായി ബന്ധമുള്ള ഉരു ഒമാൻ ഉൾക്കടലിൽ തകർത്തതായി അമേരിക്ക. യുഎസ് നാവികസേനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന ഉരുവാണ് ആക്രമണത്തിൽ തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങളും സൈനിക കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിനു മുൻപുതന്നെ ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നതായാണ് യുഎസ് അധികൃതരുടെ വിശദീകരണം. ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

അതിനിടെ, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി ഒരു ചരക്കുകപ്പൽ മുങ്ങിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസിൽ മൈനിൽ തട്ടി കപ്പൽ മുങ്ങിയതായി ഇറാൻ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.

അതേസമയം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു. ആക്രമണത്തിൽ ഒരു കപ്പൽ പൂർണമായും മുങ്ങി. രണ്ടാമത്തെ കപ്പൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയതായും അധികൃതർ വ്യക്തമാക്കി.

മുങ്ങിയ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും സിംഗപ്പൂർ അധികൃതർ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങൾ മേഖലയിൽ സമുദ്രഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!