പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

ടെഹ്റാൻ : പാകിസ്ഥാന്റെ സാമ്പത്തിക ഞെരുക്കത്തിനും പിടിവാശിക്കും കനത്ത തിരിച്ചടിയായി തന്ത്രപ്രധാനമായ ഇറാനിലെ ചബഹാർ തുറമുഖത്ത് അഫ്ഗാനിസ്ഥാന് 110 ഹെക്ടർ ഭൂമി നൽകാൻ ഇറാൻ ഭരണകൂടത്തിന്റെ നീക്കം. വാണിജ്യ-നിക്ഷേപ ആവശ്യങ്ങൾക്കായി ചബഹാർ ഫ്രീ സോണിലാണ് അഫ്ഗാന് ഭൂമി അനുവദിക്കുന്നത്. ഇറാനിയൻ പാർലമെന്റംഗമായ മൊഹ്സെൻ സാൻഗനെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

കറാച്ചി, ഗ്വാദർ തുടങ്ങിയ പാകിസ്ഥാൻ തുറമുഖങ്ങളെ മാത്രം ആശ്രയിച്ചിരുന്ന അഫ്ഗാന്റെ വാണിജ്യ പാതകൾ വഴിമാറുമ്പോൾ, തുറമുഖത്തിന്റെ നിയന്ത്രണമുള്ള ഭാരതത്തിനും ഇത് വലിയ തന്ത്രപരമായ നേട്ടമായി മാറുകയാണ്. പാകിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളും തുടർച്ചയായ തർക്കങ്ങളും കാരണം അതിർത്തികൾ അടച്ചിടേണ്ടി വന്നത് അഫ്ഗാന്റെ കയറ്റുമതി-ഇറക്കുമതി മേഖലയെ അതീവ ഗുരുതരമായി ബാധിച്ചിരുന്നു.

മുൻകാലങ്ങളിൽ രാജ്യാന്തര വ്യാപാരത്തിനായി പാകിസ്ഥാനെ മാത്രം ആശ്രയിച്ചിരുന്ന അഫ്ഗാൻ, പാകിസ്ഥാന്റെ ഉപരോധങ്ങളും തുറമുഖ തടസ്സങ്ങളും കാരണം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് അഫ്ഗാൻ ഭരണകൂടം ഇറാന്റെ ചബഹാർ, ബന്ദർ അബ്ബാസ് തുറമുഖങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത്.

അഫ്ഗാന്റെ കയറ്റുമതി വ്യാപാരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ചേർന്ന് 1000 കോടി ഡോളർ ചെലവിൽ സംയുക്ത വ്യവസായ പാർക്ക് സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. അഫ്ഗാന്റെ ചുവടുമാറ്റം പാകിസ്ഥാൻ തുറമുഖങ്ങൾക്ക് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കുക. പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, ഔഷധ സസ്യങ്ങൾ, കായം എന്നിവയാണ് അഫ്ഗാൻ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

പാകിസ്ഥാനുമായുള്ള ബന്ധം വഷളായതോടെ ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കും അഫ്ഗാൻ തങ്ങളുടെ കയറ്റുമതി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്ത്യ വൻ നിക്ഷേപത്തോടെ വികസിപ്പിച്ചെടുത്ത ചബഹാറിലെ ‘ഷഹീദ് ബെഹെസ്തി’ തുറമുഖം കൂടുതൽ സജീവമാകുന്നത്.

ഏകദേശം 12 കോടി ഡോളർ ചെലവഴിച്ച് ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന്റെ (IGPL) നിയന്ത്രണത്തിലാണ് ഈ ടെർമിനൽ പ്രവർത്തിക്കുന്നത്. പാകിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും റഷ്യയിലേക്കും യൂറോപ്പിലേക്കും കുറഞ്ഞ ചെലവിൽ ചരക്കുനീക്കം നടത്താൻ ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കവാടമാണ് ചബഹാർ.

അന്താരാഷ്ട്ര ഉപരോധങ്ങളുടെ വെല്ലുവിളികൾക്കിടയിലും ചബഹാറിലെ ഇന്ത്യയുടെ സാന്നിധ്യവും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാകുന്നതാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!