ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി

വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു.

പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ലെന്നാണ് ട്രംപ് ഉത്തരവിട്ടത്.

ഈ ഉത്തരവ് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയില്‍ പോയി. മേരിലന്‍ഡ്, മസാച്യുസെറ്റ്സ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരെയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി. ടെക് കമ്പനികളില്‍ നിന്ന് 3 ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഈടാക്കാനുള്ള കാനഡയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നികുതി, യുഎസ് ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!