മഴക്കാലത്ത്‌ പോലും കുമരകത്ത് കുടിവെള്ള ക്ഷാമം രൂക്ഷം; റിസോര്‍ട്ടുകള്‍ക്ക്‌ ലഭിക്കുന്ന വെള്ളത്തിന്റെ അളവ്‌ പരിശോധിക്കും

കുമരകം : അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കുമരകത്ത് മഴക്കാലത്ത്‌ പോലും കുടിവെള്ള ക്ഷാമം രൂക്ഷം. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതെ വലഞ്ഞ് തദ്ദേശീയരായ ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ റിസോര്‍ട്ടുകള്‍ക്ക്‌ ലഭിക്കുന്ന വെള്ളത്തിന്റെ അളവ്‌ പരിശോധിക്കാന്‍ തീരുമാനം.

വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്‌ ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി അധികൃതരും നടത്തിയ ചര്‍ച്ചയിലാണ്‌ അടിയന്തര നടപടികള്‍ക്ക്‌ ധാരണയായത്‌.

കുടിവെള്ള വിതരണത്തിലെ അപാകതകളും റിസോര്‍ട്ടുകളിലെ അമിത ജലഉപയോഗവും പരിശോധിച്ച്‌ കുമരകത്തെ കുടിവെള്ള പ്രതിസന്ധിക്ക്‌ പരിഹാരം കാണാനാണ്‌ നീക്കം. തെക്കന്‍ മേഖലയിലെ വാട്ടര്‍ ടാങ്കില്‍ നിന്ന്‌ മേലേക്കര, അമ്മംകരി, നസ്രത്ത്‌ തുടങ്ങിയ പ്രദേശങ്ങളിലൂടെ പ്രധാന പൈപ്പ്‌ ലൈന്‍ കടന്നുപോകുന്നുണ്ട്‌. ഈ പ്രദേശങ്ങളിലെ നിരവധി റിസോര്‍ട്ടുകള്‍ അമിതമായി വെള്ളം ശേഖരിക്കുന്നതാണ്‌ പ്രദേശവാസികള്‍ക്ക്‌ ആവശ്യത്തിന്‌ കുടിവെള്ളം ലഭിക്കാത്തതിന്‌ പ്രധാന കാരണമെന്ന്‌ ജനപ്രതിനിധികള്‍ പരാതി ഉന്നയിച്ചു.

ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ റിസോര്‍ട്ടുകള്‍ക്ക്‌ ലഭിക്കുന്ന ജലത്തിന്റെ അളവ്‌ പരിശോധിക്കാന്‍ തീരുമാനിച്ചത്‌. ചെങ്ങളത്തെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന്‌ കുമരകത്തെ വാട്ടര്‍ ടാങ്കുകളിലേക്ക്‌ എത്തുന്ന ജലത്തിന്റെ അളവ്‌ ഗണ്യമായി കുറഞ്ഞതായുള്ള പരാതിയും പരിശോധിക്കും. കുമരകത്തെ ഇരുവാട്ടര്‍ ടാങ്കുകളിലും 10 ദിവസത്തിനുള്ളില്‍ പ്രത്യേക മീറ്റര്‍ സംവിധാനം സ്‌ഥാപിക്കും. ഇതിലൂടെ പ്ലാന്റില്‍ നിന്ന്‌ ടാങ്കുകളിലേക്ക്‌ എത്തുന്ന ജലത്തിന്റെ അളവും വിതരണത്തിലെ കുറവും കൃത്യമായി മനസിലാക്കാനാകുമെന്നാണ്‌ പ്രതീക്ഷ.

പമ്പിംഗ്‌ ഓപ്പറേറ്റര്‍മാര്‍ വാല്‍വുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നിട്ടുള്ള പരാതികളും ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കും. വിവിധ വാര്‍ഡുകളില്‍ അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍, പുതിയ പൈപ്പ്‌ ലൈനുകള്‍ സ്‌ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളുടെ മുന്‍ഗണനാക്രമം തയ്യാറാക്കി രേഖാമൂലം വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്‌ അധികൃതര്‍ ഉറപ്പ്‌ നല്‍കി.

കുമരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഗോപി, വൈസ്‌ പ്രസിഡന്റ്‌ രമ്യ ഷിജോ, ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷാ ബൈജു,പഞ്ചായത്ത്‌ അംഗങ്ങള്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അനില്‍ രാജ്‌, അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ബാസ്‌റ്റിന്‍ ജോണ്‍, അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ ശ്രുതി രാജ്‌, മെയിന്റനന്‍സ്‌ കരാറുകാരന്‍ രാധാകൃഷ്‌ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!