ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ സെൻട്രൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കുന്നതായി തോന്നിക്കുന്ന വ്യാജ എഐ ദൃശ്യങ്ങൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ 24കാരൻ അറസ്റ്റിൽ.
ഹരിയാനയിലെ പാൽവൽ സ്വദേശിയായ നദീം അഹമ്മദിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തിനിടെ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി) വിവേക് ഭഗത് ഒരു മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യഥാർഥ സിസിടിവി ദൃശ്യങ്ങളെന്ന രീതിയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ റീലുകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥൻ വനിതാ മാധ്യമപ്രവർത്തകയെ മോശമായി സ്പർശിക്കുന്നതായി തോന്നിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ മാതൃകയിലുള്ള ചിത്രവും പ്രചരിപ്പിച്ചവയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഇവ യഥാർഥ ദൃശ്യങ്ങളല്ലെന്നും എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ഉള്ളടക്കമാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പ്രചരിച്ച ഈ ദൃശ്യങ്ങൾ ഡൽഹി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള നദീം, പ്രതിഷേധങ്ങൾക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാമിൽ ഒരു ചാനൽ ആരംഭിച്ചിരുന്നുവെന്ന് ന്യൂഡൽഹി അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ മഞ്ജീത് ഷിയോറൻ പറഞ്ഞു.
നിലവിൽ ചാനലിന് 24,000ത്തിലധികം ഫോളോവേഴ്‌സുണ്ടെന്നും പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിന്റെ പ്രതിച്ഛായ തകർക്കുക, പ്രദേശത്തെ ക്രമസമാധാനനില തകർക്കുക, പ്രതിഷേധക്കാരെ പൊലീസിനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വ്യാജ ദൃശ്യങ്ങൾ നിർമിച്ചതെന്ന് ചോദ്യം ചെയ്യലിൽ നദീം സമ്മതിച്ചതായി പൊലീസ് പറയുന്നു.
ഒക്ടോബർ മൂന്നിനാണ് വ്യാജ ഉള്ളടക്കം നിർമിച്ചതെന്നും അടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും ആസൂത്രണമോ ഇടപെടലോ ഉണ്ടായിട്ടുണ്ടോ, പ്രതിക്ക് ഏതെങ്കിലും തരത്തിൽ സാമ്പത്തിക സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
