യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; മിസൈൽ ദൂരപരിധി വർധിപ്പിച്ചു; ഹോർമുസ് തുറക്കില്ലെന്ന് മുന്നറിയിപ്പ്…

ടെഹ്റാൻ : യുഎസ് സൈനിക താവളങ്ങളുടെ സ്ഥാനം കണക്കിലെടുത്ത് മിസൈലുകളുടെ ദൂരപരിധി വർധിപ്പിച്ചതായി ഇറാൻ. ഇറാൻ തീരത്തുനിന്ന് യുഎസ് സൈനിക താവളങ്ങളുള്ള മേഖലകളിലേക്ക് ഏകദേശം 1,000 കിലോമീറ്റർ ദൂരമുള്ള സാഹചര്യത്തിലാണ് മിസൈൽ ശേഷി കൂട്ടിയതെന്ന് ഇറാൻ സൈന്യം അറിയിച്ചു.

സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎസിനെതിരെ കൂടുതൽ ശക്തമായ തിരിച്ചടിക്ക് തയ്യാറാണെന്ന സൂചന കൂടിയാണ് ഇറാന്റെ പ്രഖ്യാപനം. യുഎസ്–ഇറാൻ സംഘർഷത്തിന് സൈനിക നടപടിയിലൂടെ പരിഹാരം കാണാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ബോംബാക്രമണത്തിലൂടെ യുദ്ധം അവസാനിപ്പിക്കാനാകില്ലെന്ന് ഇത്രയും നാളത്തെ പോരാട്ടം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും സൈനിക നടപടിക്ക് യുഎസ് മുതിർന്നാൽ അതിനേക്കാൾ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അറഗ്ചി മുന്നറിയിപ്പ് നൽകി.ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസിൽ സംഘർഷം തുടരുന്നത് മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഹോർമുസിൽ ചരക്കുകപ്പലിന് നേരെ വ്യോമാക്രമണം

ഹോർമുസിൽ ഇന്നലെയും ചരക്കുകപ്പലിനു നേരെ വ്യോമാക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായി.

അതേസമയം, സൗദി അരാംകോയുടെ റിയാദിലെ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്നതിനായി സൈനിക നടപടി ആരംഭിച്ചതായി യെമൻ പ്രസിഡൻഷ്യൽ കൗൺസിൽ തലവൻ റഷാദ് അൽ അലീമി അറിയിച്ചു.

ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 97 ആക്രമണങ്ങൾ നടത്തിയതായി യെമനിലെ സഖ്യസേന അവകാശപ്പെട്ടു. ആക്രമണങ്ങളിൽ 260 തീവ്രവാദികൾക്ക് പരുക്കേൽക്കുകയും 44 സൈനിക വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തതായി യെമൻ സേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!