ന്യൂഡൽഹി: ഇന്ന് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാമത് ലോകസഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ എംപിമാരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ എംപിമാർക്കും ആശംസകൾ. ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ സുവർണ ദിനമാണ് ഇന്ന്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. നേരത്തെ പഴയ പാർലമെന്റ് മന്ദിരത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. ഈ നിർണായക ദിനത്തിൽ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലമായി പാരമ്പര്യം കാത്ത് സൂക്ഷിക്കാനായിരുന്നു തങ്ങൾ പരിശ്രമിച്ചത്. കാരണം രാജ്യത്തിന്റെ തനിമയും പാരമ്പര്യവും കാത്ത് സൂക്ഷിക്കണം എന്നാണ് ഇവരുടെ ആഗ്രഹം. അതുകൊണ്ട് തന്നെ ഭാരത മാതാവിനെ സേവിക്കാനും അതുവഴി 140 കോടി ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാനും തങ്ങൾ പരിശ്രമിക്കും. എല്ലാവരുടെയും താത്പര്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കും സർക്കാരിന്റെ ശ്രമങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടും, എല്ലാവരുടെയും താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടും മുന്നേറാൻ ആണ് സർക്കാരിന് താത്പര്യം. ഇതിലൂടെ ഭരണഘടനയുടെ പവിത്രത കാത്ത് സൂക്ഷിക്കുകയാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.