ആർ. വീരമണിക്കെതിരെ വീണ്ടും പോക്സോ കേസ്; കേസുകളുടെ എണ്ണം മൂന്നായി

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ വീരമണിക്കെതിരായ പോക്സോ കേസുകളുടെ എണ്ണം മൂന്നായി. പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഐസ്ഹൗസ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പുതിയ കേസ്.

2004ലാണ് പഠനസഹായം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്തത്. ദീപാവലി സമ്മാനം നൽകാമെന്ന് പറഞ്ഞാണ് വീരമണി പെൺകുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. മകളുടെ മരണശേഷം വീരമണി ആശുപത്രിയിലെത്തി 30,000 രൂപ നൽകിയെന്നും സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും മാതാവ് പൊലീസിന് മൊഴി നൽകി.

2017ൽ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ഐസ്ഹൗസ് പൊലീസ് സ്റ്റേഷന് തീയിട്ടതിനെ തുടർന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ നശിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വീരമണി മറ്റൊരു കേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് പഴയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് വീണ്ടും പൊലീസിനെ സമീപിച്ചത്.

അന്വേഷണത്തിന് പ്രത്യേക സംഘം

വീരമണിക്കെതിരായ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിച്ചു. ദിവസങ്ങൾക്കു മുൻപ് മാത്രം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ സമയം നൽകണമെന്നാണ് കോടതി നിർദേശിച്ചത്.

കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാരോപിച്ച് അന്വേഷണം പ്രത്യേക സംഘത്തിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തക വരാകിയാണ് കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ കോടതിയെ അറിയിച്ചു.

എല്ലാ തെളിവുകളും ഒരേസമയം കണ്ടെത്താൻ പൊലീസിന്റെ കൈയിൽ മാന്ത്രികവടിയോ ഭാവി കാണാനുള്ള ദിവ്യദൃഷ്ടിയോ ഇല്ലെന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ നിരീക്ഷിച്ചു. ഹർജിക്കാരിയുടെ കൈവശമുള്ള തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!