ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മുംബൈ : എൻസിപി പിളർപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ തള്ളി ശരദ് പവാർ രംഗത്തെത്തി. തങ്ങൾ ആരുടെയും കൂടെ പോകില്ലെന്നും തങ്ങളുടെ പാർട്ടിയുടെ തത്വം ഉപേക്ഷിച്ച് അധികാരത്തിന് വേണ്ടി ഒരു ലയനത്തിനും തയ്യാറല്ലെന്നും എൻസിപി (ശരദ്ചന്ദ്ര പവാർ) അധ്യക്ഷൻ വ്യക്തമാക്കി.

മുംബൈയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് പവാർ നിലപാട് വ്യക്തമാക്കിയത്. ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നവർക്ക് പാർട്ടിയിലേക്ക് വരാമെന്നും എന്നാൽ മറ്റാരുടെയും ഒപ്പം ചേരാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുമായി ശരദ് പവാർ വിഭാഗം സഹകരിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇത്തരം വാർത്തകളെ പൂർണ്ണമായി തള്ളിക്കളഞ്ഞ പവാർ പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കി.

നിലവിൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ പാർട്ടി സ്വതന്ത്രമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവുമായി വീണ്ടും ഒന്നിക്കുമെന്ന പ്രചാരണങ്ങൾക്കും ഇതോടെ അന്ത്യമായി.ഭരണകക്ഷിയുമായി സഹകരിക്കാൻ പോകുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ശശികാന്ത് ഷിൻഡെയും വ്യക്തമാക്കി.

നിലവിലെ സർക്കാരിന്റെ ഭാഗമായവർക്ക് വേണമെങ്കിൽ ശരദ് പവാർ നേതൃത്വം നൽകുന്ന പാർട്ടിയിൽ ലയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രവർത്തകർ താഴെത്തട്ടിൽ പാർട്ടി സംവിധാനം ശക്തമാക്കണമെന്ന് ശരദ് പവാർ ആഹ്വാനം ചെയ്തു.

ആരും പാർട്ടി വിട്ടുപോകുന്നതിനെക്കുറിച്ച് വേവലാതിപ്പെടാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് അദ്ദേഹം നേതാക്കൾക്ക് നൽകിയ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!