തിരുവനന്തപുരം: സംസ്ഥാനത്ത് ജനക്ഷേമത്തിനായി ലൈഫ് മിഷൻ ഉൾപ്പെടെയുള്ള നാല് പ്രധാനമിഷനുകൾ വിജയികരമായി നടപ്പാക്കുകയും വലിയ ജനകീയ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടും എൽഡിഎഫിനെ ജനങ്ങൾ എന്തിന് തോൽപ്പിച്ചുവെന്ന് തനിക്ക് ഇതുവരെ മനസ്സിലാകുന്നില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ജനപ്രതിനിധികളും ഭരണാധികാരികളും സ്വകാര്യ യാത്രാമാർഗങ്ങളെ ആശ്രയിച്ച ശേഷം, ‘ഇതിലൂടെ സർക്കാർ ഖജനാവിന് ലാഭമല്ലേ ഉണ്ടായത്’ എന്ന്പൊതുമധ്യത്തിൽ ന്യായീകരിക്കുന്നത് ജനാധിപത്യവിരുദ്ധമായ സമീപനമാണെന്ന് അവർ വിമർശിച്ചു.
സംസ്ഥാനത്ത് പുതുതായി അധികാരത്തിലേറിയ ഭരണകൂടം മുൻ എൽഡിഎഫ് സർക്കാർകൊണ്ടുവന്ന എല്ലാ ജനക്ഷേമ പദ്ധതികളും ജനവിരുദ്ധമായി ഒന്നൊന്നായി നിർത്തിവെക്കുകയാണെന്ന് കെ.കെ. ശൈലജ ആരോപിച്ചു.
സാധാരണക്കാരുടെ കണ്ണീരൊപ്പിയ ലൈഫ് മിഷൻ അടക്കമുള്ള പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത് ജനങ്ങളോടുള്ള അനീതിയാണ്. ജനക്ഷേമത്തിന് പകരം സമ്പൂർണ്ണ മുതലാളിത്ത ഭരണ രീതിയാണ് ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടിരി ക്കുന്നത്.
വികസന തുടർച്ചയ്ക്കായി പ്രവർത്തിച്ച ഒരു സർക്കാരിനെ തള്ളിക്കളഞ്ഞ ജനവിധിഅതിശയപ്പെടുത്തുന്നതാണെന്നും എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പാർട്ടി തലത്തിൽ പരിശോധിക്കേണ്ടതു ണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
