തൃശൂർ : ഗുരുവായൂരപ്പന് ഏഴ് കോടിയോളം രൂപ നടവരവായി ലഭിച്ചു. കഴിഞ്ഞ മാസം മാത്രം ഭണ്ഡാരം വരവായി ലഭിച്ചത് 6,84,37,887 രൂപയാണ്. ഇതിന് പുറമേ 3,35,582 രൂപ ഇ-ഭണ്ഡാരത്തിലൂടെയും ലഭിച്ചു. മൂന്നു കിലോയോളം സ്വര്‍ണവും 24 കിലോ വെള്ളിയും ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചു.
കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവ് എണ്ണിതിട്ടപ്പെടുത്തിയതോടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. യൂണിയന്‍ ബാങ്ക് ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
നിരോധിച്ച രണ്ടായിരം രൂപയുടെ 128 നോട്ടുകളും ആയിരം രൂപയുടെ 41 നോട്ടുകളും 500ന്റെ 96 നോട്ടുകളും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വര്‍ണവും 24കിലോ 20ഗ്രാം വെള്ളിയുമാണ് കഴിഞ്ഞ മാസം ക്ഷേത്രത്തിലേക്ക് ലഭിച്ചത്.
അതേസമയം ഗുരുവായൂര്‍ ദേവസ്വത്തിന് നാല് നിക്ഷേപ പദ്ധതികളിലായി 869. 20 കിലോഗ്രാം സ്വര്‍ണമാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേവസ്വത്തിന് 7.05 കോടി രൂപ പലിശയായും ലഭിച്ചതായി വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസിന്റെ ചോദ്യത്തിനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയത്.
സ്വര്‍ണ നിക്ഷേപം കൂടാതെ നിത്യോപയോഗത്തിനുള്‍പ്പെടെ നിലവില്‍ 141.63 കിലോഗ്രാം സ്വര്‍ണം ദേവസ്വത്തിന്റെ പക്കലുണ്ട്. ഇതിനുപുറമെ കല്ലടക്കമുള്ള 73.93 കിലോഗ്രാം സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ട്.
