പിണറായിക്കെതിരായ പ്രാഥമിക അന്വേഷണം എസ്ഐടി രജിസ്റ്റർ ചെയ്യില്ല, അന്വേഷണ സംഘത്തിൻ്റെ…

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണം എസ്ഐടി രജിസ്റ്റർ ചെയ്യില്ല. ബിഎൻഎസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. അതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തും. അന്വേഷണം സമയബന്ധിതമായി തീർക്കുമെന്ന് മാത്രമാണ് പൊലീസ് വിശദമാക്കുന്നത്.

പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള അഴിമതി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ആദ്യയോഗം ഇന്ന് ചേരും. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം നടക്കുക.ഇഡി കൈമാറിയ റിപ്പോർട്ടും സർക്കാരിന് ലഭിച്ച നിയമോപദേശവുമാണ് യോഗം ഇന്ന് ചർച്ച ചെയ്യുക. ഇന്ന് തന്നെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യുമെന്നാണ് ലഭ്യമാകുന്ന സൂചന.

ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ എസ് പി വിക്രമനാണ് എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥൻ. കേസിൻ്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 3 ഡിവൈഎസ്പി മാരും 5 ഇൻസ്പെക്ടർമാരും സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരും എസ്ഐടിയിലുണ്ടാകും.

മാസപ്പടി കേസിൽ ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ പരിശോധിക്കുകയാണ് എസ്ഐടിയുടെ ആദ്യ ദൗത്യം. റിപ്പോർട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി എസ്ഐടി ചർച്ച നടത്തും. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതിൽ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രത്യേക വിജിലൻസ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും. ഹവാലയിൽ ഊന്നിയാകും എസ്ഐടിയുടെ ആദ്യ അന്വേഷണം.

അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായിക്കെതിരെ അടക്കമായതിനാൽ ഓരോ ഘട്ടത്തിനും വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ടാകും. കേസെടുത്ത ശേഷം മാത്രമായിരിക്കും ചോദ്യം ചെയ്യൽ. മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എസ്ഐടി ഉദ്യോഗസ്ഥനായ പി വിക്രമനെ തന്നെയാണ് പിണറായിക്കെതിരായ കേസിലും അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!