ടെഹ്റാൻ : പശ്ചിമേഷ്യയിലെ സംഘർഷത്തിന് വിരാമമിടാൻ അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ. ഇതിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ ഇറാൻ പരസ്യമാക്കിയിട്ടുണ്ട്.
എല്ലാ മേഖലകളിലുമുള്ള സംഘർഷം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക, യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇറാന്റെ ഏഴ് നിബന്ധനകളും ഖത്തർ മുഖേന അമേരിക്കയ്ക്ക് കൈമാറിയതായാണ് ഇറാൻ വ്യക്തമാക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റസായി പറഞ്ഞു.
ശേഷിക്കുന്ന നാല് നിബന്ധനകൾ എന്താണെന്ന് ഇറാൻ പുറത്തുവിട്ടിട്ടില്ല. നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ലെങ്കിൽ ദീർഘകാല യുദ്ധത്തിന് ഇറാന് മടിയില്ലെന്നും റസായി മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഏത് നിമിഷവും അത്തരമൊരു നീക്കം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയുടെ ആക്രമണം ഉണ്ടായാൽ നേരിടാൻ ഇറാൻ സൈന്യം പൂർണ സജ്ജമാണെന്നും റസായി അവകാശപ്പെട്ടു.
ഗൾഫ് മേഖല മുതൽ ഒമാൻ കടലിടുക്ക് വരെയുള്ള അമേരിക്കൻ നാവിക സേനയാണ് നിലവിൽ ഇറാന്റെ പ്രധാന നിരീക്ഷണത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ഒന്നിലധികം പോർമുനകൾ വഹിക്കാൻ ശേഷിയുള്ള കപ്പൽവേധ മിസൈൽ ഇറാൻ വിജയകരമായി പരീക്ഷിച്ചുവെന്നും റസായി അവകാശപ്പെട്ടു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പുതിയ പ്രകോപനങ്ങൾക്ക് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു പുറമെ, മേഖലയിൽ അമേരിക്കയ്ക്ക് വാണിജ്യ താൽപര്യങ്ങളുള്ള കേന്ദ്രങ്ങളിലും നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ബാബ് അൽ മൻദേബ് കടലിടുക്ക് ഇറാൻ അടയ്ക്കുമെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ റസായി നിഷേധിച്ചു. അത് യെമനുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഒമാനുമായി ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇറാൻ അറിയിച്ചു. എന്നാൽ ധാരണ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചില വിഷയങ്ങളിൽ കൂടി തീരുമാനത്തിലെത്താനുണ്ടെന്നാണ് ഇറാന്റെ വിശദീകരണം.
