ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ 778 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം. ധാക്ക, ചിറ്റഗോങ് വിമാനത്താവളങ്ങള്‍ വഴി 200 ഓളം വിദ്യാര്‍ത്ഥികള്‍ പതിവ് വിമാന സര്‍വീസുകളിലൂടെ നാട്ടിലേക്ക് മടങ്ങിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
ബംഗ്ലാദേശിലെ വിവിധ സര്‍വകലാശാലകളിലെ 4,000-ത്തിലധികം വിദ്യാര്‍ഥികളുമായി ഹൈക്കമ്മീഷന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇന്ത്യയിലെത്തിയിട്ടുണ്ട്. അധികൃതര്‍ അറിയിച്ചു.
എംബിബിഎസ് വിദ്യാര്‍ഥികളാണ് മടങ്ങിയവരില്‍ കൂടുതലും. അതില്‍ തന്നെ ഉത്തര്‍പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ത്രിപുരയിലെയും മേഘാലയിലെയും തുറമുഖങ്ങള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും നിര്‍ത്തലാക്കി. ടെലിഫോണ്‍ സേവനങ്ങള്‍ കൂടി പ്രതിസന്ധിയിലായതോടെയാണ് വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ പിന്‍തലമുറക്കാര്‍ക്കുള്ള 30 ശതമാനം സംവരണമുള്‍പ്പെടെ സര്‍ക്കാര്‍ സര്‍വീസില്‍ നിലവില്‍ 56 ശതമാനമാണുള്ളത്. ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. 2018ല്‍ ഈ ക്വാട്ട സംവരണം റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം കോടതി ക്വാട്ട പുനഃസ്ഥാപിച്ചു.