അഭിഷേക്- സഞ്ജു ‘മിന്നല്‍’! പരമ്പര തൂത്തുവാരാന്‍ ‘221’ റണ്‍സ്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 221 റണ്‍സ്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ച്വറിയും തുടരെ രണ്ടാം അര്‍ധ സെഞ്ച്വറിയുമായി മലയാളി ഓപ്പണര്‍ സഞ്ജു സാംസണും കളം വാണതോടെ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ ഹതാശരായി. ഇരുവരും ചേര്‍ന്ന് 9.5 ഓവറില്‍ 142 റണ്‍സ് തൂക്കി.

ഓപ്പണര്‍മാര്‍ മടങ്ങിയ ശേഷം എത്തിയവരില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് സ്‌കോര്‍ ഈ നിലയിലേക്ക് എത്തിച്ചത്. ശ്രേയസ് 2 സിക്‌സുകള്‍ സഹിതം 20 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്തു. താരത്തെ നേരിട്ടുള്ള ഏറില്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാന്‍ റണ്ണൗട്ടാക്കി. നേരത്തെ ഇന്ത്യയുടെ തിലക് വര്‍മയെ മനോഹരമായ നേരിട്ടുള്ള ത്രോയില്‍ റാഷിദ് ഖാനും മടക്കിയിരുന്നു. അതേസമയം ഇന്ത്യന്‍ മധ്യനിര അതിവേഗം വീഴുന്ന കാഴ്ചയായിരുന്നു. ഫീല്‍ഡിങ് മികവില്‍ ഇന്ത്യന്‍ മധ്യനിരയെ പൊളിക്കാന്‍ അഫ്ഗാനു സാധിച്ചു.

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിങ് എടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കായി മിന്നല്‍ തുടക്കമാണ് ഓപ്പണര്‍മാരായ സഞ്ജുവും അഭിഷേകും ചേര്‍ന്നു നല്‍കിയത്. മിന്നല്‍ സെഞ്ച്വറിയുമായി അഭിഷേക് ശര്‍മയാണ് കളം അടക്കി വാണത്. താരം 30 പന്തില്‍ 100 റണ്‍സിലെത്തി. 10 സിക്‌സും 9 ഫോറും സഹിതമാണ് കത്തിയാളും ബാറ്റിങ്. സഹ ഓപ്പണര്‍ സഞ്ജു സാംസണും കട്ടയ്ക്ക് നിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം കുതിച്ചു. പന്തെടുത്ത എല്ലാ ബൗളര്‍മാരേയും ഇരുവരും ചേര്‍ന്ന് ശിക്ഷിക്കുന്ന കാഴ്ചയായിരുന്നു. 16 പന്തിലാണ് അഭിഷേക് അര്‍ധ സെഞ്ച്വറി എത്തിയത്. അടുത്ത 50ലേക്ക് താരത്തിന് വേണ്ടി വന്നത് 14 പന്തുകള്‍. അന്താരാഷ്ട്ര ടി20യില്‍ മൂന്നാം സെഞ്ച്വറിയാണ് താരം ഡല്‍ഹിയില്‍ നേടിയത്.

ടി20യില്‍ അതിവേഗ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. രോഹിത് ശര്‍മ 2017ല്‍ ശ്രീലങ്കക്കെതിരെ നേടിയ 35 പന്തില്‍ സെഞ്ച്വറിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് താരത്തിന്റെ മടക്കം.

ഒടുവില്‍ 9.5 ഓവറില്‍ സ്‌കോര്‍ 142ല്‍ എത്തിയപ്പോഴാണ് അഫ്ഗാന് ശ്വാസം നേരെ വീണത്. റാഷിദ് ഖാന്റെ ബൗളിങിനു മുന്നില്‍ അഭിഷേക് വീണു. താരം 34 പന്തില്‍ 11 സിക്‌സും 9 ഫോറും സഹിതം 108 റണ്‍സുമായി മടങ്ങി. ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 59 പന്തില്‍ 142 റണ്‍സ്!

അഫ്ഗാനെതിരായ മൂന്നാം ടി20യില്‍ സഞ്ജു 35 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സെടുത്തു മടങ്ങി. അഭിഷേക് സെഞ്ച്വറിക്കു പിന്നാലെ പുറത്തായിരുന്നു. അതിനിടെ ഇറങ്ങിയ തിലക് വര്‍മ 2 റണ്‍സില്‍ റണ്ണൗട്ടായും പുറത്തായി. പിന്നാലെയാണ് സഞ്ജു 50ല്‍ എത്തിയത്.

സഞ്ജു സാംസണ്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറി അഭിഷേകിന് കടന്നാക്രമിക്കാന്‍ അവസരം കൊടുക്കുന്ന കാഴ്ചയാണ് തുടക്കത്തില്‍ കണ്ടത്. പിന്നാലെ താരം അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു.

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാര്‍ രണ്ടാം ഓവറിലാണ് ടോപ് ഗിയറിലേക്ക് മാറിയത്. അസ്മതുല്ല ഒമര്‍സായ് എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സാണ് പിറന്നത്. ഇതില്‍ 16 റണ്‍സും അഭിഷേകിന്റെ വക. രണ്ട് സിക്‌സും ഒരു ഫോറും ഈ ഓവറില്‍ വന്നു. മൂന്നാം ഓവറില്‍ ഫസല്‍ഹഖ് ഫാറൂഖിക്കും കണക്കിനു കിട്ടി. താരത്തിന്റെ ആദ്യ പന്ത് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറിയ സഞ്ജു അഭിഷേകിനു തല്ലിത്തീര്‍ക്കാന്‍ അവസരമൊരുക്കുകയായിരുന്നു. ഫസല്‍ഹഖിന്റെ രണ്ടാം പന്തും മൂന്നാം പന്തും സിക്‌സര്‍ തൂക്കിയ അഭിഷേക് നാലും അഞ്ചും പന്തുകളില്‍ തുടരെ ഫോറും പറത്തി. ആറാം പന്തില്‍ 2 റണ്‍സും നേടി. മൂന്നാം ഓവറില്‍ പിറന്നത് 23 റണ്‍സ്!

കഴിഞ്ഞ കളിയിലെന്ന പോലെ മുഹമ്മദ് നബിയെ ഇന്ത്യന്‍ ഓപ്പണര്‍ മൂന്നാം പോരിലും കടുത്ത രീതിയില്‍ ശിക്ഷിച്ചു. നബിയുടെ ആദ്യ രണ്ട് പന്തുകള്‍ സിക്‌സര്‍ തൂക്കിയ സഞ്ജു മൂന്നാം പന്തില്‍ സിംഗിള്‍ എടുത്തു. അടുത്ത മൂന്ന് പന്തുകളില്‍ അഭിഷേക് തൂക്കിയത് 6, 4, 6. ഈ ഓവറില്‍ പിറന്നത് 29 റണ്‍സ്.

മൂന്നാമനായി ക്രീസിലെത്തിയ തിലക് വര്‍മയ്ക്ക് തിളങ്ങാനായില്ല. താരത്തെ മികച്ച ത്രോയില്‍ റാഷിദ് ഖാന്‍ റണ്ണൗട്ടാക്കി. തിലക് 2 റണ്‍സ് പുറത്ത്. പിന്നാലെ മറ്റൊരു മികച്ച ഫീല്‍ഡിങ് മികവും റാഷിദ് പുറത്തെടുത്തു. കൂറ്റന്‍ സ്‌കോറിനു ശ്രമിച്ച ഇന്ത്യയുടെ ശിവം ദുബെയെ റാഷിദ് മിന്നും ക്യാച്ചില്‍ മടക്കി. ദുബെ 10 പന്തില്‍ 14 റണ്‍സില്‍ ഔട്ട്. പിന്നാലെ വന്ന ഇഷാന്‍ കിഷന്‍ റണ്ണൗട്ടായി. താരം 8 പന്തില്‍ 10 റണ്‍സ്. നിതീഷ് കുമാര്‍ റെഡ്ഡിക്കും അല്‍പ്പായുസ്. താരം ഒരു റണ്‍സുമായി മടങ്ങി.

അഫ്ഗാനിസ്ഥാനായി അസ്മതുല്ല ഒമര്‍സായ് 2 വിക്കറ്റെടുത്തു. അബ്ദുല്ല അഹമദ്സായ്, റാഷിദ് ഖാന്‍ ഒരു വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!