നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണവും അറിയാം

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക.

കേസിലെ ആദ്യ ആറുപ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തേ വിധിച്ചിരുന്നു. എൻ. എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി. പി. വിജയേഷ്, എച്ച്. സലിം, പ്രദീപ് എന്നീ പ്രതികൾക്കുള്ള ശിക്ഷയാണ് ഇന്ന് കോടതി വിധിക്കുക.

ഐപിസിയുടെ വ്യത്യസ്ത വകുപ്പുകൾ പ്രകാരം, കൂട്ടബലാത്സംഗം ഉൾപ്പെടെ ഏറ്റവും കഠിനമായ 20 വർഷം വരെ കഠിനതടവോ ജീവപര്യന്തം തടവോ വരെ ലഭ്യമായ 10 കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞിട്ടുണ്ട്. അതിനാൽ കടുത്ത ശിക്ഷയ്ക്കുള്ള സാധ്യത കൂടുതൽ ആണ്.

ഇന്നത്തെ കോടതി നടപടികൾ

രാവിലെ 11 മണിക്ക് മുൻപ് പ്രതികളെ ജയിലിൽ നിന്ന് കോടതിയിൽ എത്തിക്കും. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുണ്ടോ എന്ന് ആദ്യം കോടതി ചോദിക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധി പ്രഖ്യാപിക്കും.

ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണവും ഇന്നറിയാം. എട്ടാം പ്രതിയായ നടൻ ദിലീപിനെ വിടുതൽ നൽകിയതിന്റെ അടിസ്ഥാന കാരണങ്ങൾ ഇന്നത്തെ വിധിയിൽ നിന്നും വ്യക്തമാകും എന്നാണ് പൊതുസമൂഹത്തിന്റെ പ്രതീക്ഷ. പ്രതി കുറ്റം ചെയ്‌തിട്ടില്ലെന്ന് കോടതി മനസ്സിലാക്കുകയോ, അല്ലെങ്കിൽ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരിക്കുകയും ചെയ്താൽ മാത്രമേ കുറ്റവിമുക്തത ലഭിക്കുകയുള്ളൂ. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റവുമായി ബന്ധപ്പെട്ട കോടതിയുടെ അന്തിമ നിഗമനം വിധിയിൽ പ്രതിഫലിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!