മേൽക്കൂര മാത്രം മുകളിൽ; ശ്രീകോവിലും പ്രതിഷ്ഠയും വെള്ളത്തിനടിയിൽ! സഞ്ചാരികൾക്ക് ഒരേസമയം കൗതുകവും വിസ്മയവും സമ്മാനിക്കുന്ന കശ്മീരിലെ ക്ഷേത്രം

ശ്രീനഗർ : കശ്മീരിലെ ഒരു തടാകക്കരയിൽ എത്തിയാൽ ആദ്യം തോന്നുക, വെള്ളത്തിന് നടുവിൽ ഒരു ക്ഷേത്രത്തിന്റെ മേൽക്കൂര മാത്രം പൊങ്ങിക്കിടക്കുകയാണെന്നാണ്. പക്ഷേ ആ കാഴ്ചയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ളൊരു വിശ്വാസവും ചരിത്രവുമാണ്. തടാകത്തിലെ ജലപരപ്പിന് താഴെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലും ശിവപ്രതിഷ്ഠയും. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് മഹാദേവനെ വണങ്ങുന്ന ഭക്തരുടെ കാഴ്ച ഇവിടെ സഞ്ചാരികൾക്ക് ഒരേസമയം കൗതുകവും വിസ്മയവും സമ്മാനിക്കും.

കശ്മീരിലെ ഗന്ദർബൽ ജില്ലയിലുള്ള മനോഹരമായ മാനസ്ബൽ തടാകത്തിലാണ് ഈ അപൂർവ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം പുരാതന വാസ്തുവിദ്യയും ആത്മീയതയും സംഗമിക്കുന്ന ഈ ഇടം കശ്മീർ യാത്രയ്ക്കെത്തുന്ന സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്ന ഇടമാണിത്. അമർനാഥ് യാത്രയ്ക്കും തുൾമുള്ളയിലെ ഖീർ ഭവാനി ക്ഷേത്ര ദർശനത്തിനുമായി എത്തുന്ന ഭക്തരും മാനസ്ബൽ ശിവക്ഷേത്രം സന്ദർശിക്കാറുണ്ട്.

വെള്ളത്തിനടിയിലെ ക്ഷേത്രം

മാനസ്ബൽ ശിവക്ഷേത്രം പുരാതന വാസ്തുവിദ്യയുടെ സവിശേഷ മാതൃക കൂടിയാണ്. ഒൻപതാം നൂറ്റാണ്ടിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്ന ക്ഷേത്രം ചാരനിറത്തിലുള്ള കല്ലുകൾ ഉപയോഗിച്ചാണ് പണിതിരിക്കുന്നത്. രണ്ട് തട്ടുകളുള്ള പിരമിഡ് ആകൃതിയിലുള്ള മേൽക്കൂരയാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത.

മാനസ്ബൽ തടാകത്തിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് ക്ഷേത്രത്തിന്റെ താഴ്ഭാഗം വെള്ളത്തിനടിയിലാകുന്നത്. ഭൂഗർഭ ഉറവകളിൽ നിന്നുള്ള ജലപ്രവാഹവും തടാകത്തിലെ ജലനിരപ്പിലെ മാറ്റങ്ങളുമാണ് ഇതിന് പ്രധാന കാരണം. അപൂർവമായ ഈ വാസ്തുശൈലിയും ചരിത്രപ്രാധാന്യവും കണക്കിലെടുത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മാനസ്ബൽ; പ്രകൃതിയുടെ മറ്റൊരു വിസ്മയം

ക്ഷേത്രം മാത്രമല്ല, മാനസ്ബൽ തടാകവും സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ഏകദേശം 13 മീറ്റർ ആഴമുള്ള തടാകം കശ്മീർ താഴ്‌വരയിലെ ഏറ്റവും ആഴമേറിയ തടാകമായാണ് അറിയപ്പെടുന്നത്. ഏഷ്യയിലെ ആഴമേറിയ ശുദ്ധജല തടാകങ്ങളിലൊന്നായും മാനസ്ബൽ ശ്രദ്ധേയമാണ്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തടാകത്തിന്റെ ഉപരിതലത്തിൽ വിരിയുന്ന താമരപ്പൂക്കൾ കാഴ്ചയ്ക്ക് കൂടുതൽ ഭംഗി പകരും. നിരവധി പ്രാദേശിക-ദേശാടന പക്ഷികളുടെ ആവാസകേന്ദ്രം കൂടിയായതിനാൽ പക്ഷിനിരീക്ഷകരുടെയും പ്രിയപ്പെട്ട ഇടമാണിത്.

തടാകത്തിന് സമീപം മുഗൾ കാലഘട്ടത്തിന്റെ ഓർമകൾ ഉണർത്തുന്ന ‘ജറോഖ ബാഗും’ സഞ്ചാരികളെ ആകർഷിക്കുന്നു. മുഗൾ രാജ്ഞി നൂർജഹാൻ നിർമിച്ചതായി പറയപ്പെടുന്ന ഈ പൂന്തോട്ടവും മാനസ്ബൽ യാത്രയുടെ ഭാഗമാക്കാം.

ശ്രീനഗറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മാനസ്ബൽ തടാകത്തിൽ ശിക്കാര ബോട്ടിങ്ങിനും കയാക്കിങ്ങിനും സൗകര്യമുണ്ട്. പ്രകൃതിഭംഗിയും ചരിത്രവും വിശ്വാസവും ഒരേ ഇടത്ത് അനുഭവിക്കാനാകുന്നതിനാൽ കശ്മീർ യാത്രയിൽ മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ് മാനസ്ബൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!