തിരുവനന്തപുരം: അമ്മേ നാരായണ വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആത്മസായൂജ്യമടഞ്ഞ് ഭക്തലക്ഷങ്ങള്‍ അനന്തപുരിയില്‍ നിന്ന് മടങ്ങി.
ഉച്ചയ്ക്ക് 1.15ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, തിരുവനന്തപുരം നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു.
അമ്മയുടെ അനുഗ്രഹാശ്ശിസുകള്‍ ലഭിച്ചതായുള്ള പ്രതീക്ഷയുടെ ആനന്ദനിര്‍വൃതിയിലാണ് ഭക്തജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത്. പായസം, വെള്ളനിവേദ്യം ഉള്‍പ്പെടെ ഒട്ടേറെ നിവേദ്യങ്ങളാണു ഭക്തര്‍ തയാറാക്കിയിരുന്നത്.
തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകര്‍ന്നതോടെയാണു പൊങ്കാലയ്ക്കു തുടക്കമായത്. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകര്‍ന്നു. പിന്നാലെ ഭക്തര്‍ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ഇത്തവണ തലസ്ഥാന നഗരിയില്‍ പൊങ്കാല സമര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്കാണ് ദൃശ്യമായത്. കേരളത്തിന്റെ പല ജില്ലകളില്‍ നിന്നായി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ഇന്നലെ തന്നെ സ്ത്രീജനങ്ങള്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നു. ഇത്തവണ സിനിമാസീരിയല്‍ താരങ്ങള്‍ക്കൊപ്പം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ആശാ വര്‍ക്കര്‍മാരും പൊങ്കാല അര്‍പ്പിച്ചു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്.,