തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ (72)അന്തരിച്ചു. ജന്മഭൂമിയുടെ ആരംഭം മുതൽ പത്രപ്രവർത്തനത്തിൽ പ്രവേശിച്ചു. ഔദ്യോഗികമായി വിരമിച്ച ശേഷവും നിലവിൽ തിരുവനന്തപുരത്ത് റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.. 50 വർഷമായി, ജന്മഭൂമിയുടെ തുടക്കം മുതൽ പത്രപ്രവർത്തകനായി തുടർന്നു.
ഭൗതിക ശരീരം രാവിലെ 8ന് തൈക്കാട് ജന്മഭൂമി ഓഫീസിൽ എത്തിക്കും. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം 11ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനം തുടർന്ന് 12 മണിക്ക് തിരുമലയിലെ വീട്ടിൽ എത്തിക്കും. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം.
തിങ്കളാഴ്ച (07-09-2026) വൈകിട്ട് വീട്ടിൽ വീണു. രാത്രിയോടെ ബോധക്ഷയമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.
1968-ലെ തളിപ്പറമ്പിൽ ഗുരുജി ഗോൾവാൾക്കർ പങ്കെടുത്ത ആർഎസ്എസ് ശിബിരത്തിൽ പങ്കെടുത്തു. ഉറച്ച സ്വയം സേവകനായിമാറി. ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവൻ സമയ പ്രവർത്ത കനായി കാസർകോട്, കണ്ണൂർ താലൂക്കുകളിൽ പ്രവർത്തിച്ചു.
അടിയന്തരാവസ്ഥയ്‌ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയോജക മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
ദീർഘകാലമായി ബിജെപി സംസ്ഥാന സമിതിയംഗം, മീഡിയ കൺവീനർ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ, കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി, ഫിലിം സെൻസർ ബോർഡ് അംഗം, ടെലികോം അഡ്വൈസറി ബോർഡ് അംഗം, പത്രപ്രവർത്തക അക്രഡിറ്റേഷൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
കെ.ജി. മാരാരുടെ ജീവ ചരിത്രം (കെ.ജി. മാരാർ ഒരു സ്നേഹ സാഗരം, കെ.ജി. മാരാർ മനുഷ്യപ്പറ്റിന്റെ പര്യായം), മറുപുറം, അടൽജി എന്ന വിസ്മയം, കേരളത്തിലെ രാഷ്‌ട്രീയ ചരിത്രം എന്നീ പുസ്‌തകങ്ങൾ രചിച്ചു. മുതിർന്ന പത്രപ്രവർത്തകനുള്ള നിയമസഭയുടെ ആദരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബി.കെ. ശേഖർ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ കുട്ടാവ് ഗ്രാമത്തിലാണ് 1954-ൽ ജനിച്ചത്. ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസം.
ഭാര്യ: പരേതയായ പ്രേമജ.
മക്കൾ: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ഞില*.
മരുമകൻ: രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്). കൊച്ചുമക്കൾ: ഗൗതമി, ബാലാമണി.
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം 🙏
