മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ അഞ്ച് അർധരാത്രി മുതൽ യുക്രൈൻ തലസ്ഥാനമായ കീവിൽ ആക്രമണം നടത്തരുതെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും സമാധാന ചർച്ചകൾക്കായി മോസ്കോയിലെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ നടപടി. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് നിർദേശങ്ങളാണ് ഇരുവരും പുടിനുമായി ചർച്ച ചെയ്യുന്നത്. നിർദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ പ്രതിനിധികളുടെ സന്ദർശന കാലയളവിൽ യുക്രൈന്റെ ഭാഗത്തുനിന്ന് റഷ്യയ്ക്കെതിരെ വ്യോമാക്രമണം ഉണ്ടാകില്ലെന്ന് പ്രസിഡന്റ് വ്ളഡിമിർ സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചകൾ സുഗമമാക്കാൻ റഷ്യയും സമാനമായ രീതിയിൽ ആക്രമണം നിർത്തിവെക്കണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മോസ്കോയുടെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. മോസ്കോയിലെ ചർച്ചകൾക്ക് ശേഷം വിറ്റ്കോഫും കുഷ്നറും ഞായറാഴ്ച കീവിലെത്തും. സെലൻസ്കിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. യുഎസ് നയതന്ത്ര ദൗത്യം ഏറ്റെടുത്ത ശേഷമുള്ള ഇരുവരുടെയും ആദ്യ കീവ് സന്ദർശനമാണിത്.
യുഎസ് മധ്യസ്ഥതയിൽ നേരത്തെ നടന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ കാര്യമായ പുരോഗതിയില്ലാതെ സ്തംഭിച്ച സാഹചര്യത്തിലാണ് പുതിയ നയതന്ത്ര നീക്കം. അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം, യുക്രൈന്റെ ഭാവിയിലെ നാറ്റോ അംഗത്വം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളാണ് സമാധാന ചർച്ചകൾക്ക് മുന്നിലെ പ്രധാന വെല്ലുവിളികൾ.
