ഡാൻസ് ക്ലാസിൽ
പങ്കെടുക്കാൻ
പോകുകയാണെന്ന്
പറഞ്ഞ് പാചകം
ചെയ്യാൻ വിസമ്മതിച്ചു ;
യുവതിയെ ഭർത്താവ്…

ക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മർദ്ദനത്തിനിരയായ 38-കാരി യാമിനി കൃഷ്ണ ലാൽ യാദവ് ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മങ്കാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജിംഗാബായി തക്ലിയിലെ സായിനഗർ, ഗോവിന്ദ് സിറ്റിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് 41-കാരനായ കൃഷ്ണ ലാൽ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

ജോലികഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ ലാൽ തനിക്കും കുട്ടികൾക്കും ഭക്ഷണം തയ്യാറാക്കാൻ യാമിനിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹൗസിങ് സൊസൈറ്റിയിൽ നടക്കുന്ന ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ പോകുന്നതിനാൽ യാമിനി ഭക്ഷണം പാചകം ചെയ്യാൻ വിസമ്മതിച്ചു.
തുടർന്നുണ്ടായ തർക്കത്തിനിടെ കൃഷ്ണ ലാൽ യാദവ് യാമിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഈ സമയം ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മക്കളുടെ മുൻപിൽവെച്ചായിരുന്നു യാമിനിയെ ക്രൂരമായി മർദിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. യാമിനിയുടെ കഴുത്തിലും വയറിലുമാണ് കൃഷ്ണ ലാൽ മർദിച്ചത്. കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭർത്താവിനോട് വേദനസംഹാരികൾ വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

എന്നാൽ മരുന്നുകട അടഞ്ഞുകിടന്നതിനാൽ മരുന്ന് വാങ്ങാതെ ഇയാൾ മടങ്ങിയെത്തി. പിന്നാലെ യാമിനിയുടെ നില വഷളാവുകയും വയർ വീർക്കുകയും ചെയ്തു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ യാമിനി മരിച്ചു. ആന്തരിക പരിക്കുകളാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മർദനത്തിൽ യാമിനിയുടെ കഴുത്തിലെ അസ്ഥിക്ക് പൊട്ടലും കുടലിന് ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. പിന്നാലെ ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സ്ത്രീയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വീടിനുള്ളിൽ നടന്ന സംഭവങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!