ബംഗാളികൾ നാട്ടിലേക്ക് മടങ്ങുന്നു; കേരളത്തിലെ നിർമാണ മേഖലയിൽ വീണ്ടും തൊഴിലാളിക്ഷാമ ഭീതി

ശ്ചിമബംഗാളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് ഇതര സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളി കുടിയേറ്റം കുറയ്ക്കാനുള്ള സർക്കാർ നീക്കം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളിൽ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നത് കേരളത്തിലെ തൊഴിൽ മേഖലയിൽ ആശങ്കയ്ക്ക് ഇടയാക്കുന്നു.

ബംഗാളിൽ മെച്ചപ്പെട്ട വേതനത്തോടെയുള്ള തൊഴിൽ ലഭ്യമാക്കുന്നതിനൊപ്പം തൊഴിലാളികളെയും കുടുംബങ്ങളെയും സംസ്ഥാനത്ത് തന്നെ നിലനിറുത്താനുള്ള പദ്ധതികളാണ് പശ്ചിമബംഗാൾ സർക്കാർ നടപ്പാക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളോട് തിരിച്ചെത്താൻ നിർദേശിക്കുന്നുവെന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോയ ബംഗാൾ സ്വദേശികൾ തിരിച്ചെത്താൻ വൈകിയതോടെ കേരളത്തിലടക്കം തൊഴിലാളിക്ഷാമം രൂക്ഷമായിരുന്നു. തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ നിർമാണ മേഖലയിലെ കൂലി കുത്തനെ ഉയരുകയും ചിലയിടങ്ങളിൽ സാധാരണ നിരക്കിന്റെ ഇരട്ടിയോളം വരെ ആവശ്യ പ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു.

നിർമാണ മേഖലയിൽ ആശങ്ക

തൊഴിലാളികളുടെ അഭാവം നിർമാണ പ്രവർത്തനങ്ങളുടെ വേഗത്തെയും ബാധിച്ചിരുന്നു. പല പദ്ധതികളും വൈകുകയും തൊഴിലാളികളും കരാറുകാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയും ചെയ്തു. പിന്നീട് തൊഴിലാളികൾ ഘട്ടംഘട്ടമായി തിരിച്ചെത്തിയതോടെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് നീങ്ങിയത്.

ഇതിനിടെയാണ് പശ്ചിമബംഗാൾ സർക്കാർ സംസ്ഥാനത്ത് തന്നെ തൊഴിൽ ഉറപ്പാക്കാനുള്ള പദ്ധതികൾ ശക്തമാക്കുന്നത്. ഇതോടെ കേരളത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങാനുള്ള നീക്കത്തിലാണ്.

ജില്ലയിലെ വീടുകൾ, ഫ്ലാറ്റുകൾ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ ഇതരസംസ്ഥാന തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. അതിനാൽ ബംഗാൾ സ്വദേശികളുടെ മടക്കം നിർമാണ മേഖലയെ നേരിട്ട് ബാധിക്കുമെന്നാണ് തൊഴിലുടമകളുടെ വിലയിരുത്തൽ.

കൂലി വീണ്ടും ഉയർന്നേക്കും

തൊഴിലാളികളുടെ ലഭ്യത കുറയുകയാണെങ്കിൽ നിർമാണ പ്രവർത്തനങ്ങളുടെ വേഗം കുറയുന്നതിനൊപ്പം കൂലി നിരക്കിലും വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ഹോട്ടൽ, കാറ്ററിങ്, വ്യാപാര സ്ഥാപനങ്ങൾ, റോഡ് നിർമാണം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി തൊഴിലുറപ്പ് കാർഡുകൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പശ്ചിമബംഗാൾ സർക്കാർ സജീവമാക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ നിർമാണം ഉൾപ്പെടെയുള്ള മേഖലകളിൽ ആവശ്യമായ തൊഴിലാളികളെ ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!