ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ശേഷിക്ക് പുതിയ മാനം നൽകുന്ന ഇ.ഒ.എസ്-05 ഉപഗ്രഹവുമായി ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി. റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം.
ജി.ഐ.എസ്.എ.ടി.-1എ എന്നും അറിയപ്പെടുന്ന ഇ.ഒ.എസ്.-05, ഇന്ത്യയുടെ ഭൗമനിരീക്ഷണ രംഗത്ത് നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. സാധാരണ റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹത്തിന്റെ പ്രവർത്തനം.
ഇതുവഴി ഭൂമിയിലെ വിശാലമായ മേഖലകളെ ഒരേ സ്ഥാനത്തുനിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. പ്രത്യേകിച്ച് ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ഉപഗ്രഹത്തിന്റെ നിരീക്ഷണശേഷി ഏറെ പ്രയോജനപ്പെടും.
നിലവിൽ മണിക്കൂറുകളുടെ ഇടവേളയിൽ ലഭിക്കുന്ന ഉപഗ്രഹചിത്രങ്ങളെ ആശ്രയിക്കേണ്ട സാഹചര്യത്തിൽനിന്ന് മാറി, ദുരന്തബാധിത മേഖലകളിലെ സ്ഥിതിഗതികൾ കൂടുതൽ വേഗത്തിലും കൃത്യതയിലും നിരീക്ഷിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിയന്തര തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഇത് സഹായകമാകും.
പ്രകൃതിദുരന്ത നിരീക്ഷണത്തിന് പുറമെ അതിർത്തി സുരക്ഷ, പരിസ്ഥിതി സംരക്ഷണം, കാർഷിക മേഖല തുടങ്ങിയ രംഗങ്ങളിലും ഇ.ഒ.എസ്.-05ൽനിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്താനാകും. രാജ്യത്തിന്റെ ഭൗമനിരീക്ഷണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടു ത്തുന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
