തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെ പീക്ക് സമയത്ത് വൈദ്യുതി ഭാഗികമായി തടസപ്പെട്ടേക്കും. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയുള്ള സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവ് നേരിടുന്നുണ്ട്.
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതിനെ തുടർന്ന് ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപ്പാദനം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി.
ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ലഭ്യതയിലെ സ്ഥിതി അനുസരിച്ചായിരിക്കും ഇന്നത്തെ നിയന്ത്രണത്തിന്റെ തോത് തീരുമാനിക്കുക.
