തൃപ്പൂണിത്തുറ സ്ഫോടനം: ഒരാൾകൂടി മരിച്ചു, ഇതോടെ മരണം രണ്ടായി



കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ഇതോടെ മരണം രണ്ടായി.

കളമശ്ശേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ദിവാകരൻ(55) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോട നുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില്‍ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു നേരത്തെ മരിച്ചിരുന്നു.

25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുപറ്റി. നാല് വീടുകളുടെ മേൽക്കൂര തകർന്നു. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ  ഉണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നു വെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കരാറുകാരൻ ആദർശിന് പടക്ക നിർമാണത്തിന് ലൈസൻസില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആദർശിൻ്റെ അമ്മയ്ക്കാണ് ലൈസൻസ് ഉണ്ടായിരുന്നത്. എന്നാൽ അമ്മ ആനന്ദവല്ലി അടുത്തിടെ മരിച്ചു. ലൈസൻസിനായാണ് ആദർശ് ഗോഡൗൺ വാടകയ്‌ക്ക് എടുത്തതെന്നാണ് വിവരം. വെടിക്കെട്ട് നടത്താൻ തിരുവനന്തപുരം ശാസ്തവട്ടം സ്വദേശിയായ ആദർശാണ് കരാർ എടുത്തത്. ശാസ്തവട്ടം മടവൂർ പാറയിലുള്ള ഇയാളുടെ രണ്ട് ഗോഡൗണുകളിൽ പരിശോധന നടത്തി. ഇവിടെയുള്ള പടക്ക നിർമ്മാണശാല പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയായിരുന്നുവെന്നാണ് കണ്ടെത്തൽ.

ആറുമാസങ്ങൾക്കു മുൻപ് അമ്മ മരിച്ചതോടെ ലൈസൻസ് റദ്ദായി. ഇത് മറച്ചുവെച്ചാണ് ആദർശും സഹോദരനും പടക്ക നിർമ്മാണം തുടർന്നത്. ലൈസൻസ് നേടാൻ വേണ്ടിയാണ് ഇവർ ഗോഡൗണുകൾ വാടകയ്ക്ക് എടുത്തതെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു. സംഭവം നടന്നതിനു തൊട്ട് പിന്നാലെ ഇയാളുടെ സഹായികൾ വൻതോതിൽ വെടിമരുന്നു ശേഖരം ഗോഡൗണിൽ നിന്ന് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.

ഗോഡൗണിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് വലിയ ഗുണ്ടുകളും കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഇവിടെ നിന്ന് കഞ്ചാവ് ശേഖരവും പോലീസ് പിടികൂടി. പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെ തിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!