കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ പിന്തുണച്ചതിൽ വിശദീകരണവുമായി സിപിഐഎം നേതാവും മുൻമന്ത്രിയുമായ കെ ടി ജലീൽ. കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോടല്ലെന്നും ഇസ്ലാമിക സമൂഹത്തോടാണ് സംസാരിച്ചതെന്നും ജലീൽ പറഞ്ഞു.
ഓരോരുത്തർക്കും അവരവരുടെ ആശയങ്ങൾ പറയാമെന്നും ഇതിനെ വലിയൊരു വിഷയമാക്കേണ്ട കാര്യമില്ലെന്നും ജലീൽ വ്യക്തമാക്കി. കാന്തപുരം മതപരമായ കാര്യങ്ങൾ പറയുമ്പോൾ അതിനോട് എല്ലാവർക്കും യോജിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരിൽ വോട്ട് പിടിക്കുകയും മതത്തിന്റെ ശാസനകൾ ലംഘിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് കാന്തപുരം പറഞ്ഞതെന്നാണ് ജലീലിന്റെ വിശദീകരണം. മുസ്ലിം ലീഗ് നേതാക്കൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നവർ ഇസ്ലാമിന്റെ ആശയങ്ങളും തത്വങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നും ജലീൽ പറഞ്ഞു.
കാന്തപുരത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ ഇസ്ലാമിക സമൂഹത്തിലുണ്ടെന്നും അവർ അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പ്രസ്താവനകളെയും ഇത്തരം വിയോജിപ്പായി മാത്രം കണ്ടാൽ മതിയെന്നും വിഷയത്തെ മറ്റൊരു തലത്തിൽ കാണേണ്ടതില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.
