കൊച്ചി: എറണാകുളത്തിനും അങ്കമാലിക്കുമിടെ ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാരെ കൊള്ളയടിച്ച മൂന്നു പ്രതികളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
6 പവൻ സ്വർണാഭരണങ്ങള്‍, 17000 രൂപ, മൂന്ന് മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ എന്നിവ വീണ്ടെടുത്തു. 20000 രൂപയോളം പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനുമായി ചെലവാക്കി.
തിരുവനന്തപുരം-മംഗളൂരു സെൻട്രല്‍ എക്സ്‌പ്രസ്, എറണാകുളം -കാരയ്ക്കല്‍ എക്സ്‌പ്രസ് ട്രെയിനുകളിലെ റിസർവേഷൻ കോച്ചില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരികളുടെ പണവും ആഭരണങ്ങളുമടങ്ങുന്ന ബാഗുകള്‍ തട്ടിയെടുത്ത അസാം നാഗോണ്‍ സ്വദേശികളായ സെയ്ദുള്‍ ഹഖ് (22), മുർഷിദ് ഇസ്ലാം (22), ഓഖ-എറണാകുളം എക്സ്‌പ്രസില്‍ ജനറല്‍ കോച്ചിലെ യാത്രക്കാരിയുടെ പണവും ഇലക്‌ട്രോ ണിക്സ് ഉപകരണങ്ങളും കവർന്ന അസാം നാഗോണ്‍ സ്വദേശി റസാഖ് അലി (42) എന്നിവരാണ് വീണ്ടും കവർച്ചയ്‌ക്ക് തയ്യാറെടുക്കവെ പിടിയിലായത്.
ഹോട്ടല്‍ തൊഴിലാളികളായിരുന്ന സെയ്ദുള്‍ ഹഖും മുർഷിദ് ഇസ്ലാമും പെരുമ്പാവൂരില്‍ ഒരുമിച്ചാണ് താമസം. നിർമ്മാണ തൊഴിലാളിയായ റസാഖ് അലിയും പെരുമ്പാവൂരിലാണ് തങ്ങുന്നതെങ്കിലും മറ്റു രണ്ടു പേരുമായി ബന്ധമുണ്ടെന്ന സൂചനയില്ല. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോള്‍ ബാഗുകള്‍ തട്ടിയെടുത്ത് കടക്കുന്നതാണ് പ്രതികളുടെ രീതി.
30ന് പുലർച്ചെ മംഗലാപുരം എക്സ്‌പ്രസ് അങ്കമാലി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രണ്ട് യാത്രക്കാരികളുടെ 6 പവൻ ആഭരണങ്ങളും ഒരു ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും ആഡംബര വാച്ചുകളുമടങ്ങിയ ബാഗുകളുമായി സെയ്ദുളും മുർഷിദും കടന്നത്. 28 ന് രാത്രി എറണാകുളത്ത് നിന്ന് നാഗപട്ടണത്തേക്ക് പോയ കാരയ്ക്കല്‍ എക്സ്‌പ്രസിലെ യാത്രക്കാരിയുടെ 40000 രൂപയും ഫോണും ട്രെയിൻ ആലുവ വിട്ട നേരം തട്ടിയെടുത്തതും ഇവരാണ്. 31ന് പുലർച്ചെ ഓഖ എക്സ്‌പ്രസ് ആലുവയില്‍ എത്തിയപ്പോഴാണ് യാത്രക്കാരിയുടെ 3000 രൂപയും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും റസാഖ് അലി എമർജൻസി ജനാലയിലൂടെ കൈയിട്ട് കവർന്നത്.
