കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി; തീവ്രവാദികൾ മന്ത്രിയെ വധിക്കുമെന്ന് കത്ത്, സന്ദേശമെത്തിയത് തപാലിൽ…

ന്യൂഡൽഹി : കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി(രാം വിലാസ്) പ്രസിഡൻ്റുമായ ചിരാഗ് പാസ്വാന് വധഭീഷണി. കൊടുംഭീകരന്മാർ ചേർന്ന് മന്ത്രിയെ ഉടൻ കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് മന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് അന്വേഷണം ആവശ്യപ്പെട്ടു.

വധഭീഷണിയെ തുടർന്ന് മന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിൽ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പാണ് ചിരാഗ് പാസ്വാൻ കൈകാര്യം ചെയ്യുന്നത്. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചിരാഗ് പാസ്വാന് സെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നുണ്ട്.

ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന മന്ത്രാലയത്തിലാണ് അജ്ഞാതൻ്റെ സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അലോക് കുമാർ ആണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്.

മന്ത്രിക്കെതിരായ ഭീഷണി സന്ദേശം ലഭിച്ചതായും രണ്ട് മൊബൈൽ നമ്പരുകൾ സന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കത്തിൽ പറഞ്ഞു. ‘കൊടുംഭീകരവാദികളാൽ നിങ്ങൾ ഉടൻ തന്നെ കൊല്ലപ്പെടും’ എന്നാണ് ഭീഷണി സന്ദേശമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!