പൂഞ്ചിലും രജൗരിയിലും പാക് ഡ്രോണുകളും സായുധ സംഘങ്ങളും; ജമ്മു അതിർത്തിയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ…

ന്യൂഡൽഹി : ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൂഞ്ച്, രജൗരി ജില്ലകളിൽ പാകിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെയും വനമേഖലകളിൽ ആയുധധാരികളായ അജ്ഞാതരുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്തതിനെയും തുടർന്ന് സുരക്ഷാ സേന വ്യാപകമായ സംയുക്ത തെരച്ചിൽ ആരംഭിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം പൂഞ്ചിലെ മെന്ധാർ സെക്ടറിലുള്ള ബെഹ്റൂത്തി ഗ്രാമത്തിന് മുകളിലൂടെ പാക് ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അതിർത്തിക്കടുത്തുള്ള മംഗൽനാർ-ഡാബ്രോട്ട് ഭാഗത്തേക്ക് നീങ്ങിയ ഡ്രോൺ പിന്നീട് പാകിസ്ഥാനിലേക്ക് തന്നെ മടങ്ങുകയാണുണ്ടായത്.

ഇതിന് പിന്നാലെ ശനിയാഴ്ച പുലർച്ചെ മുതൽ നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സേന പരിശോധന ശക്തമാക്കി.

രജൗരിയിലെ നൗഷേര സെക്ടറിലുള്ള റുംലിധാര അതിർത്തി മേഖലയിലും സമാനമായ രീതിയിൽ ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് വൻ തെരച്ചിലാണ് നടക്കുന്നത്. ഡ്രോണുകൾ വഴി ആയുധങ്ങളോ ലഹരിമരുന്നോ അതിർത്തി കടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് സേന മുൻഗണന നൽകുന്നത്.

ഇതോടൊപ്പം തന്നെ ഉധംപൂർ, കത്വ, രജൗരി ജില്ലകളിലെ നിബിഡ വനമേഖലകളിൽ ആയുധധാരികളുടെ സംശയാസ്പദമായ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കരസേനയും പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് സംയുക്ത കോംബിംഗ് ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഖുബാൻ, മാർത്ത, ജോഫർ തുടങ്ങിയ വനമേഖലകളിലാണ് നിലവിൽ സുരക്ഷാ സേനയുടെ പരിശോധന പുരോഗമിക്കുന്നത്. കൂടാതെ രജൗരിയിലെ മോഗ്ല, നർല തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിൽ രണ്ട് സായുധ വ്യക്തികളെ കണ്ടതായി പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്നും തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കു കയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!