ക്വറ്റ/ഇസ്‌ലാമാബാദ്: പാകിസ്താന്റെ അനധികൃത അധിനിവേശത്തിൽ നിന്ന് സ്വതന്ത്രമായ റിപ്പബ്ലിക് ഓഫ് ബലൂചിസ്താനെ അന്താരാഷ്ട്ര സമൂഹം ഔദ്യോഗികമായി അംഗീകരിക്കണമെന്ന് പ്രഖ്യാപിച്ച് ബലൂച് നേതാവും എഴുത്തുകാരനുമായ മീർ യാർ ബലൂച്ച്.
അവിഭക്ത ബലൂചിസ്താന്റെ 90 ശതമാനം പ്രദേശങ്ങളും നിലവിൽ ബലൂച് വിമോചന സേനയുടെ നിയന്ത്രണത്തിലാണെന്നും ഐക്യരാഷ്ട്രസഭയിൽ നോൺ-മെംബർ ഒബ്‌സർവർ പദവി നൽകണമെന്നും പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താൻ ഭീകരവാദത്തിന്റെ കേന്ദ്രവും യാചക രാജ്യവുമാണെന്നും ലോകസമാധാനത്തിന് ഇസ്‌ലാമാബാദ് ഭീഷണിയാണെന്നും അദ്ദേഹം തുറന്നടിച്ചു.
1948 മാർച്ച് 27-നാണ് പാകിസ്താൻ സൈന്യം ബലൂചിസ്താനെ അക്രമത്തിലൂടെ കൈയേറിയത്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ബലൂചിസ്താന് ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ ശേഷിയുണ്ട്. ഇന്ത്യയെപ്പോലൊരു വൻശക്തിക്ക് സുരക്ഷിതമായ സമുദ്ര-ആകാശ പാതകളും വിപണിയും ഒരുക്കാൻ ബലൂചിസ്താന് സാധിക്കും.
അതിനാൽ യുഎൻ വേദിയിൽ ബലൂചിസ്താന്റെ സ്വാതന്ത്ര്യവാദത്തെ ഇന്ത്യയും അമേരിക്കയും പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (CPEC) ബലൂച് ജനതയുടെ അനുമതിയോടെയല്ലെന്നും ചൈന ഈ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ബലൂച്ച് മുന്നറിയിപ്പ് നൽകി.
