മൂവാറ്റുപുഴ : മൂവാറ്റപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പരിശോധിക്കുമെന്നും സർക്കാർ ഡീ ലിമിറ്റേഷൻ കമ്മീഷനെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.
മൂവാറ്റുപുഴ നഗരസഭയുടെ ത്രിവേണി ഓണാഘോഷം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേർപെട്ട് പോകുന്നതിൽ വിഷമമുണ്ടെങ്കിലും ഡീ ലിമിറ്റേഷൻ കമ്മീഷനിൽ ഇക്കാര്യം പരിഗണിക്കുമെന്നും മൂവാറ്റുപുഴക്കാരുടെ എല്ലാ വിഷമങ്ങൾക്കും പരിഹാരം കാണുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
പ്രതിസന്ധികൾ ഉണ്ടെങ്കിലും ഓണാഘോഷത്തിൽ സർക്കാർ ഒരു കുറവും വരുത്തിയിട്ടില്ല. ഇതുവരെയുള്ള കുടിശികകളെല്ലാം വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്കും, പണം കിട്ടാതെ മാസങ്ങളായി കാത്തിരിക്കുന്നവർക്കും, കുടിശ്ശിക കാത്തിരിക്കുന്നവർക്കും ആവശ്യമായ പണം കൊടുക്കുന്നു.
കേരളത്തിൽ സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ എല്ലാ സപ്ലൈകോയുടെ ഓണം ഫെയറുകളിലും സബ്സിഡി ഉള്ള 13 നിത്യോപയോഗ സാധനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വിപണിയിൽ വിലക്കയറ്റം ഉണ്ടാകാത്തത്. രണ്ട് മാസം മുമ്പേ കൃത്യമായി ആസൂത്രണം ചെയ്തു. നല്ല രീതിയിൽ കൃത്യമായി പാക്ക് ചെയ്ത്, വില കുറച്ചാണ് സാധനങ്ങൾ ലഭ്യമാക്കുന്നത്. കേരളത്തിൽ ഇതുവരെ ഇല്ലാത്ത റെക്കോർഡ് വിൽപ്പനയും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാർഷിക സമൂഹമായിരുന്നതിനാൽ ഓണം യഥാർത്ഥത്തിൽ കൊയ്ത്ത് ഉത്സവം കൂടിയാണ്. ജാതി മത വർഗ വർണ ചിന്തകൾക്കപ്പുറത്താണ് നമ്മൾ ഓണം ആഘോഷിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാത്യു കുഴൽനാടൻ എം എൽ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ
ഡീൻ കുര്യക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ജില്ലാ രൂപീകരണം ഗൗരവകരമായി പരിഗണിക്കും: വി ഡി സതീശൻ
