വീട്ടിലെ ബിരിയാണി ചെമ്പിലും ട്രെയിനിലെ സ്യൂട്ട്കേസിലും യുവതിയുടെ മൃതദേഹ ഭാഗങ്ങൾ; ദമ്പതികൾക്കായി അന്വേഷണം ഊർജ്ജിതം

ചെന്നൈ: ഒഡീഷ സ്വദേശിനിയുടെ മൃതദേഹ ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ചെന്നൈ പൊലീസ്. ഗുഡുവാഞ്ചേരി മസ്ജിദ് സ്ട്രീറ്റിൽ താമസിച്ചിരുന്ന ഹയാത്ത് നിഷയുടെ ശരീര ഭാഗങ്ങളാണ് ട്രെയിനിലെ സ്യൂട്ട്കേസിൽനിന്നും ഇവർ താമസിച്ചിരുന്ന വീട്ടിൽനിന്നും കണ്ടെത്തിയത്.

ചെന്നൈയിൽനിന്ന് ഡൽഹിയിലേക്ക് പോകുന്ന തമിഴ്നാട് എക്സ്പ്രസിൽ ഉപേക്ഷിച്ച നിലയിലാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്യൂട്ട്കേസ് ട്രെയിനിൽ ഉപേക്ഷിക്കുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

സ്ത്രീയെ കൊലപ്പെടുത്തിയതിനു പിന്നിൽ ദമ്പതികൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. തുടർ അന്വേഷണത്തിലാണ് മരിച്ച ഹയാത്ത് നിഷ ഗുഡുവാഞ്ചേരിയിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയത്.

ദമ്പതികൾക്കൊപ്പമാണ് ഹയാത്ത് നിഷ താമസിച്ചിരുന്നതെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. ദമ്പതികളുടെ 19 വയസ്സുള്ള മകൻ താംബരം മേഖലയിൽ എസി മെക്കാനിക്കായി ജോലി ചെയ്യുന്നതായും പ്രദേശവാസികൾ പറഞ്ഞു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ബിരിയാണി പാകം ചെയ്യുന്ന ചെമ്പിൽ മൈദയും പച്ചക്കറികളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ അടിയിൽനിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെ തല കണ്ടെത്താനായിട്ടില്ല. തലഭാഗം മറ്റേതെങ്കിലും സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!